< Back
Kerala
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും

Photo| MediaOne

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും

Web Desk
|
8 Oct 2025 6:45 AM IST

2019 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. 2019 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്.

ഇന്നും ദേവസ്വം ബോർഡ് യോഗം ചേരുന്നുണ്ട്. ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാൻ ആണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്.

അതേസമയം സ്മാർട്ട് ക്രിയേഷനിൽ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുണ്ടായിരുന്ന വാറന്റി റദ്ദ് ചെയ്യാനും ഇനി ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. അതിന് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തി. മുരാരിയുൾപ്പെടെ സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇക്കാര്യം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം കൂടിയാലോചനയിലൂടെ തീരുമാനിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നോട്ടക്കുറവ് ഉണ്ടായോ എന്നും പരിശോധിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു.

എന്നാൽ സ്വർണപ്പാളി മോഷണത്തിൽ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറ‍ഞ്ഞു. ദേവസ്വം ബോർഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമർശിക്കുന്നില്ല. തനിക്ക് 30 വർഷത്തെ സർവീസുള്ളയാളാണ്. ദേവസ്വം ബോർഡിന് വിധേയനായിട്ടേ പ്രവർത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും മുരാരി ബാബു വ്യക്തമാക്കി.



Similar Posts