< Back
Kerala
നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ ബലപ്രയോഗം പാടില്ലെന്ന് ഡിജിപി
Kerala

നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ ബലപ്രയോഗം പാടില്ലെന്ന് ഡിജിപി

Web Desk
|
25 Oct 2022 7:29 PM IST

ജില്ലാ പൊലീസ് മേധാവിമാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ലെന്ന് ഡിജിപി അനിൽ കാന്തിന്റെ നിർദേശം. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഡിജിപിയുടെ നിർദേശം.

വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണം. പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ കൃത്യമായി വിലയിരുത്തണം. കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വ്യക്തികളെ പൊലീസ് സ്റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമായിരിക്കും. ഇത്തരം കേസുകളിൽ കേരള പൊലീസ് ആക്ടിൽ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്നും ഡിജിപി നിർദേശിച്ചു.

Related Tags :
Similar Posts