< Back
Kerala
ധീരജ് വധം; മരണകാരണം നെഞ്ചിലേറ്റ കുത്ത്
Kerala

ധീരജ് വധം; മരണകാരണം നെഞ്ചിലേറ്റ കുത്ത്

Web Desk
|
11 Jan 2022 2:10 PM IST

നീളമുള്ള കത്തിയാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്

ആഴത്തിലുള്ള മുറിവുംഹൃദയത്തിനേറ്റ പരിക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. നീളമുള്ള കത്തിയാണ് കൊലപാതകത്തിനായി പ്രതി ഉപയോഗിച്ചത്. പുറത്തു നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത് എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയതും പിന്നീട് കൊലപാതകത്തിൽ കലാശിച്ചതും.

ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത് രാഷ്ട്രീയ വിരോധം കാരണമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോയുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി അഭിജിത്, കൊല്ലം സ്വദേശി അമൽ എന്നിവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം നിഖിലിനെ കോടതിയിൽ ഹാജരാക്കും. ജില്ലയിലാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രകോപനം അഴിച്ചുവിടാൻ കെ.എസ്.യു - യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നുവന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹിം ആരോപിച്ചു. കൊലക്കത്തിയില്ലാതെ കെ സുധാകരന് രാഷ്രീയം നടത്താൻ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. കൊലപാതകത്തെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാൻ കഴിയുമോ എന്നാണ് സുധാകരൻ ശ്രമിക്കുന്നത്. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരൻറെ കൊച്ചുമകൻറെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരൻ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ എ റഹിം ആവശ്യപ്പെട്ടു.

Similar Posts