< Back
Kerala
വി.വി രാജേഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടില്ല: മുഖ്യമന്ത്രി
Kerala

വി.വി രാജേഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിട്ടില്ല: മുഖ്യമന്ത്രി

Web Desk
|
26 Dec 2025 3:25 PM IST

രാജേഷിനെ വിളിച്ച് അഭിനന്ദിച്ചു എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

തിരുവനന്തപുരം: ബിജെപി നേതാവ് വി.വി രാജേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച രാവിലെ വി.വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്‌സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പിഎ അറിയിച്ചു.

അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ, അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.

എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി.വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Similar Posts