< Back
Kerala
cpi
Kerala

കഞ്ചിക്കോട് ബ്രൂവറിയില്‍ എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായം

Web Desk
|
28 Jan 2025 7:32 AM IST

കുടിവെള്ള പ്രശ്നം പരിഹരിച്ച ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന അഭിപ്രായമാണ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉണ്ടായത്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ വ്യത്യസ്ത അഭിപ്രായം. പദ്ധതിക്കെതിരെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാടിനെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു. കുടിവെള്ള പ്രശ്നം പരിഹരിച്ച ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന അഭിപ്രായമാണ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉണ്ടായത്. എൽഡിഎഫിൽ വിഷയം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം സിപിഐയുടെ മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയാണ് എടുത്തത്. ഇതിന് പിന്നാലെ പ്രതിപക്ഷം വലിയ വിമർശനങ്ങൾ ഉയർത്തി. അഴിമതി ആരോപണം അടക്കം ഉന്നയിച്ചു.സിപിഐ പാലക്കാട് പ്രാദേശിക നേതൃത്വം പദ്ധതിക്കെതിരെ രംഗത്ത് വന്നു. അപ്പോൾ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാട് , വികസന വിരോധികൾ അല്ലെന്നും, കുടിവെള്ള പ്രശ്നം പരിഹരിച്ച് പദ്ധതി നടപ്പാക്കണം എന്നുമാണ്. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ബ്രൂവറി വിഷയം ഗൗരവമായി ചർച്ചയിൽ വന്നു .പാലക്കാട് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് കാണാതെ പോകരുതെന്ന പൊതു അഭിപ്രായം എക്സിക്യൂട്ടീവിൽ ഉണ്ടായി.

കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന പാലക്കാട് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് ഗൗരവത്തിൽ എടുക്കാനാണ് സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടായ തീരുമാനം. വിഷയം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കാൻ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി. ഉയർന്നുവന്ന കുടിവെള്ള പ്രശ്നത്തെ അവഗണിക്കാൻ കഴിയില്ലെന്ന അഭിപ്രായത്തോട് യോഗത്തിൽ പങ്കെടുത്ത മിക്കവരും യോജിപ്പ് രേഖപ്പെടുത്തി. പദ്ധതിക്ക് അനുമതി നൽകണമെന്ന നിർദ്ദേശത്തെ പിന്തുണയ്ക്കണോ എന്ന ചോദ്യം, വിഷയം അജണ്ടയായി മന്ത്രിസഭായോഗത്തിൽ വരുന്നതിനുമുമ്പ് സംസ്ഥാന നേതൃത്വത്തോട് സിപിഐ മന്ത്രിമാർ ചോദിച്ചിരിന്നു.

പിന്തുണയ്ക്കുന്നതിൽ പ്രശ്നമില്ലെന്ന മറുപടിയായിരുന്നു സംസ്ഥാന നേതൃത്വത്തിൽ നിന്ന് മന്ത്രിമാർക്ക് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി പിന്തുണച്ചതെന്ന നിലപാടാണ് മന്ത്രിമാർ എക്സിക്യൂട്ടീവ് യോഗത്തിൽ സ്വീകരിച്ചത്.പദ്ധതിയെ ഗൗരവമായി സമീപിച്ചില്ലെന്ന സ്വയം വിമർശനവും സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടായിട്ടുണ്ട്.സംസ്ഥാന കൗൺസിൽ കൂടി വിശദമായി വിഷയം ചർച്ച ചെയ്ത ശേഷം ആയിരിക്കും കൃത്യമായ നിലപാട് ഇക്കാര്യത്തിൽ സിപിഐ നേതൃത്വം സ്വീകരിക്കുക.



Similar Posts