< Back
Kerala
വിവാദങ്ങൾക്കിടെ എറണാകുളത്തപ്പൻ ക്ഷേത്രപരിപാടിയിൽ നിന്ന്  ദിലീപ് പിന്മാറി
Kerala

വിവാദങ്ങൾക്കിടെ എറണാകുളത്തപ്പൻ ക്ഷേത്രപരിപാടിയിൽ നിന്ന് ദിലീപ് പിന്മാറി

Web Desk
|
15 Dec 2025 10:18 AM IST

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ നടൻ ദിലീപിനെ ക്ഷണിച്ചതിനെ ചൊല്ലി വിവാദം. സാമൂഹ്യ മാധ്യമങ്ങളിൽ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറി.

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം നടക്കാനിരുന്ന കൂപ്പൺ വിതരണ പരിപാടിയുടെ ഉദ്ഘാടകനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് ഉയർന്നു. തുടർന്ന് ദിലീപ് സ്വയം പരിപാടിയിൽ നിന്ന് പിന്മാറി എന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. വിവാദം ഉണ്ടാക്കേണ്ട എന്ന് ദിലീപ് പറഞ്ഞതായും ക്ഷേത്രം ഭാരവാഹി പ്രസിഡന്‍റ് എസ്. അശോക് കുമാർ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ ശേഷം ആദ്യമായി ദിലീപ് ശബരിമല സന്ദർശിച്ചു. കഴിഞ്ഞ തവണ ശബരിമല ദർശനം നടത്തിയത് വലിയ വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം ദിലീപിന്‍റെ സിനിമ പ്രദർശിപ്പിച്ചതിന്‍റെ പേരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കമുണ്ടായിരുന്നു. തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്.

പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖറാണ് ബസിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു.



Related Tags :
Similar Posts