< Back
Kerala
ദിലീപിന് മുൻകൂർ ജാമ്യം; ഒറ്റവാക്കിൽ വിധിപ്രസ്താവം
Kerala

ദിലീപിന് മുൻകൂർ ജാമ്യം; ഒറ്റവാക്കിൽ വിധിപ്രസ്താവം

Web Desk
|
7 Feb 2022 10:35 AM IST

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഅന്വേഷണ ഉദ്യോസ്ഥരുമായി പ്രതികൾ സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയെ ഏൽപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. രാവിലെ 10.26നാണ് കോടതി വിധി പ്രസ്താവം നടത്തിയത്. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷൻ രേഖാമൂലം കോടതിയിൽ ചില കാര്യങ്ങൾ എഴുതി നൽകിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തിയത്. എന്നാല്‍ കോടതി ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് കോടതി വിധിപ്രസ്താവം നടത്തുകയായിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് വിധി പറഞ്ഞത്.

ഹൈക്കോടതി വിധി പറയാനിരിക്കെ ദിലീപിന്‍റെ വീടിന് മുന്നിൽ ക്രൈംബ്രാഞ്ച് സംഘമെത്തിയിരുന്നു. വിധി അന്വേഷണസംഘത്തിന് അനുകൂലമാകുകയാണെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉദ്ദേശിച്ചാണ് ക്രൈംബ്രാഞ്ച് ദിലീപിന്‍റെ വീട്ടില്‍ എത്തിയത്. എന്നാൽ ദിലീപിന്‍റെ ആലുവയിലെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് സംഘം മടങ്ങി.

കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് തുടങ്ങിയവരുടെ മുന്‍കൂര്‍ ജാമ്യഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു നടന്നത്.

പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ കോടതിയില്‍ മറുപടി വാദം എഴുതി നൽകിയിരുന്നത്. എൻ.ആർ.ഐ ബിസിനസുകാരന്‍റെ മൊഴിപോലും എടുക്കാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്താൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നതെന്നും മറുപടിയിലുണ്ട്. ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോയിലുള്ള ശബ്ദം മിമിക്രിയാണന്നാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് ഓഡിയോ കേൾക്കുന്നതെന്നും ഇതിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നം ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഓഡിയോ വിദഗ്ധരായവർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കണമെന്നുമായിരുന്നു ദിലീപിൻറെ വിശദീകരണം.

Similar Posts