< Back
Kerala
നടിയെ ആക്രമിച്ച കേസ്;  കോടതിയലക്ഷ്യ ഹരജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്
Kerala

നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹരജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്

Web Desk
|
22 Jan 2026 4:34 PM IST

പ്രോസിക്യൂഷന്റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹരജിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമർശത്തിലാണ് ദിലീപ് എതിർപ്പ് അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിൻ്റെ കോടതിയലക്ഷ്യ ഹരജി. പ്രോസിക്യൂഷന്റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപ്.

ആർ. ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ മറുപടിക്കായി അതിജീവിത സമയംതേടി. അതിജീവിതയ്ക്കായി അഡ്വ. ടി.ബി മിനി ഇന്ന് കോടതിയിൽ ഹാജരായി. ഹരജികൾ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുനേറ്റ് നിന്നു എന്നായിരുന്നു പരാമർശം.

ഡിസംബർ എട്ടിന് വിധി പറഞ്ഞ കേസിലാണ് പരാമർശം. നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച്സ.ലിം, ആറാം പ്രതി പ്രദീപ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചു. ഇവർക്ക് 20 വർഷം കഠിനതടവും പിഴയും കോടതി വിധിച്ചിരുന്നു. എന്നാൽ കേസിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എട്ടാം പ്രതിയായ ദിലീപിനെ വെറുതെവിടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് വിചാരണകോടതിയുടെ നടപടികളിൽ വിമർശനമുന്നയിക്കുന്നതിനിടെയാണ് ചാൾസ് ജോർജിന്റെ പരാമർശം. കോടതി നടപടിക്കെതിരെ അതിജീവിതയും വിമർശനം ഉന്നയിച്ചരുന്നു. അതിജീവിതയുടെ അഭിഭാഷകയെ വിചാരണ കോടതി ജഡ്ജി വിമർശിച്ചതും ഏറെ വിവാദമായിരുന്നു.

Similar Posts