< Back
Kerala
മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ്; ഹൈക്കോടതി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി
Kerala

മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ്; ഹൈക്കോടതി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി

Web Desk
|
18 Jan 2022 2:01 PM IST

ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

നടിയെ അക്രമിച്ച കേസിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. നിസാര കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് പരാതിക്കാരൻ ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസിന്‍റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

മാധ്യമവിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നു. വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാർച്ച് 19ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്‍റെ ഹരജിയിലെ ആവശ്യം.

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു ചെങ്ങമനാട് എന്നിവര്‍ ഹരജി നൽകിയത്.

ജാമ്യത്തിലിറങ്ങിയ ദിലീപിന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു വിഐപി എത്തിച്ചുനല്‍കിയെന്ന ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലാണ് അന്വേഷണം ശരത്തിലേക്കെത്താന്‍ കാരണം. ശരത്തിന്‍റെ വീട്ടില്‍ ഇന്നലെ അന്വേഷണസംഘം റെയ്ഡ് നടത്തുന്നതിന് മുന്‍പ് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ദിലീപിന്‍റെ അടുത്ത സുഹൃത്തായ ശരത്തിനെ ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. പാസ്പോര്‍ട്ട് പിടിച്ചെടുത്തതിനാല്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ ശരത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെയും അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കേണ്ടതിനാലാണ് പ്രോസിക്യൂഷന്‍ വെള്ളിയാഴ്ചത്തേക്ക് ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.


Similar Posts