< Back
Kerala
ദിലീപിന്റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു
Kerala

ദിലീപിന്റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും പിടിച്ചെടുത്തു

Web Desk
|
13 Jan 2022 7:22 PM IST

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വിചാരണക്കോടതിയിൽ നിന്നും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു.

ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്. ദിലീപിന്റെ നിർമാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന തുടരുകയാണ്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. വിചാരണക്കോടതിയിൽ നിന്നും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സംഘം പരിശോധനാ അനുമതി തേടിയിരുന്നു. തുടരന്വേഷണ ടീമിലെ നെടുമ്പാശ്ശേരി എസ്.ഐ ദിലീപിന്റെ വീട്ടിൽ പരിശോധനക്കുണ്ടായിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ഒരു തോക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് കണ്ടെത്താനാണ് പരിശോധനയെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞത്. ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ പറയുന്ന മറ്റു വസ്തുതകൾ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളും അന്വേഷണസംഘം തേടുന്നുണ്ട്. സൈബർ വിദഗ്ധരും റെയ്ഡ് നടത്തുന്ന സംഘത്തിലുണ്ടെന്നാണ് വിവരം.


Similar Posts