
എലപ്പുള്ളി ബ്രൂവറി; സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പാലക്കാട് രൂപത
|വന്യജീവി ആക്രമണത്തിൽ സർക്കാർ നിയമനിർമാണം നടത്തണമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു
പാലക്കാട്: ബ്രൂവറിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പാലക്കാട് രൂപത. സാമ്പത്തിക ഉറവിടം വറ്റി വരണ്ടുപോകുമ്പോൾ ഏതെങ്കിലും വിധേന പണമുണ്ടാക്കാം എന്ന് കരുതുന്നത് തെറ്റാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു . വന്യജീവി ആക്രമണത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.
ജല ചൂഷണം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് സർക്കാർ ബ്രൂവറിയുമായി മുന്നോട്ടുപോകുന്നത് . അതിനിടയാണ് ബ്രൂവറി വന്നാൽ ഉണ്ടാകുന്ന വിപത്തിനെ ചൂണ്ടിക്കാട്ടി പാലക്കാട് രൂപത തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത് . എത്ര വലിയ നയപരമായ തീരുമാനം ആണെങ്കിലും , ബ്രൂവറി സാമൂഹിക വിപത്താണെന്ന് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ പറയുന്നു . കേരളത്തെ മദ്യ സംസ്ഥാനമായി മാറ്റുന്ന രീതിയാണ് ഇത് . വലിയൊരു ശതമാനം ആളുകളും ഈ വിപത്ത് ഒഴിവാക്കണമെന്നാണ് ആഗ്രഹിക്കുന്നത് , സാധാരണക്കാർക്ക് ജോലി നൽകാനാണെങ്കിൽ മറ്റു മാർഗങ്ങൾ ഉണ്ടെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിമർശിച്ചു .
ഉത്തരവാദിത്തപ്പെട്ട സർക്കാർ പെരുകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് തീരുമാനത്തിന് പിന്നാലെ വലിയൊരു വിഭാഗം ബ്രൂവറിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തുകയാണ് . വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾക്ക് എലപ്പുള്ളി സാക്ഷിയാകും.