< Back
Kerala
director vk prakash arrested in sexual assault case
Kerala

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശ് അറസ്റ്റിൽ

Web Desk
|
19 Sept 2024 5:04 PM IST

കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും നടനുമായ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു.

2022ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽവച്ച് ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വി.കെ പ്രകാശ് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതിൽ വി.കെ പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും മൊഴി നൽകണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലം പള്ളിത്തോട്ടം പൊലീസിൽ വി.കെ പ്രകാശ് ഹാജരാകുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിർദേശപ്രകാരം ജാമ്യത്തിൽ വിടുകയുമായിരുന്നു.

കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഈ മൊഴിപ്പകർപ്പ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ പള്ളിത്തോട്ടം പൊലീസ് കൈമാറും. എസ്‌ഐടി ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.



Similar Posts