< Back
Kerala
Discussions have previously been held with Jamaat-e-Islami Pinarayi
Kerala

'ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി മുമ്പ് ചര്‍ച്ച നടത്തിയിട്ടുണ്ട്, ഇടതുപക്ഷവിരുദ്ധ നിലപാട് എടുത്തതോടെ സിപിഎം അവര്‍ക്കെതിരായി' : മുഖ്യമന്ത്രി

Web Desk
|
21 March 2026 9:03 PM IST

ആവശ്യത്തിലേറെ വിമര്‍ശിക്കേണ്ടതില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടേണ്ട സംഘടനയാണ് എന്നുതന്നെയാണ് തൻ്റെ ധാരണയെന്ന് മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂര്‍: ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി മുമ്പ് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എകെജി സെന്ററില്‍ വന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ അവര്‍ക്കെതിരെ ഞങ്ങളും നിലപാടെടുത്തുവെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടാണ് അവര്‍ക്കെതിരായ വിമര്‍ശനത്തിന് കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരു സുന്നി വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നു. മതരാഷ്ട്രവാദം ഉയര്‍ത്തുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന് വാക്കാല്‍ പറഞ്ഞാല്‍ മാത്രമായില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയെ ആവശ്യത്തിലേറെ വിമര്‍ശിക്കേണ്ടതില്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടേണ്ട സംഘടനയാണ് എന്നുതന്നെയാണ് തന്റെ ധാരണയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ഒരുകാലത്ത് വ്യക്തികളെ നോക്കി പിന്തുണ നല്‍കുന്ന രീതിയാണ് സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ടി.കെ ഹംസയും ഗംഗാധരനും മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത് ഗംഗാധരനെയായിരുന്നു. ചില ഘട്ടത്തില്‍ ഞങ്ങളുടെ ചില സ്ഥാനാര്‍ഥികളെയും പിന്തുണച്ചിട്ടുണ്ടാകും. അന്ന് ഇപ്പോഴത്തെ നിലപാടിലേക്ക് ജമാഅത്തെ ഇസ്‌ലാമി നീങ്ങി എന്ന് പറയാന്‍ പറ്റില്ല. ഇപ്പോഴാണ് അവര്‍ക്ക് രാഷ്ട്രീയരൂപം വന്നത്.

ആളുകളെ പോയി കാണുന്നതും സംസാരിക്കുന്നതും ഇത്തരം സംഘടനകളുടെ സാധാരണ രീതിയാണ്. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെയടക്കം പോയി കണ്ട് ചര്‍ച്ച ചെയ്യുന്ന രീതി ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. അവരുടെ നേതാക്കളുമായി ചില ഘട്ടങ്ങളില്‍ ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. എകെജി സെന്ററില്‍ വന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ അവര്‍ക്കെതിരെ ഞങ്ങളും നിലപാടെടുത്തു -മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതക്കെതിരെ ജീവന്‍ കൊടുത്ത് നില്‍ക്കുന്ന പ്രസ്ഥാനം ഇടതുപക്ഷമാണ്. അത് ന്യൂനപക്ഷ സംരക്ഷണത്തിനു കൂടിയാണ്. ഇടതുപക്ഷത്തോടുള്ള മുസ്‌ലിംകളിലെ മാറ്റം വലിയ ആപത്താണെന്നാണ് ജമാഅത്തെ ഇസ്‌ലാമി തിരിച്ചറിഞ്ഞത്. ഇടത് സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂലമായി മാറുന്നു എന്ന നറേറ്റീവാണ് ഇതിന്റെ ഭാഗമായി സൃഷ്ടിച്ചത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍, അതേ രീതിയിലാണ് ഇവിടെ പിണറായി വിജയന്‍ ഭരണം നടത്തുന്നത് എന്ന പ്രചാരണവും നടത്തി. ന്യൂനപക്ഷങ്ങളില്‍ ഇടതുപക്ഷത്തിനുണ്ടായ വന്‍ സ്വീകാര്യതയെ ഇകഴ്ത്തിക്കാണിക്കാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കങ്ങളായിരുന്നു ഇത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ച് ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാന്‍ ലീഗും കോണ്‍ഗ്രസും തയാറായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts