
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച
|തന്ത്രിമാരുടെ അഭിപ്രായം തേടും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച തുടങ്ങി. ബി നിലവറ തുറക്കലിൽ തന്ത്രിമാരുടെ അഭിപ്രായം തേടും. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിൽ ഇക്കാര്യം ചർച്ചയായി. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
തുറക്കലിൽ തീരുമാനം ഭരണസമിതിക്ക് കൈക്കൊള്ളാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യവർമ്മയായിരുന്നു. തുറക്കൽ ആചാരപരമായ കാര്യം കൂടിയായതിനാൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു.
ആചാരപ്രശ്നം ഉയർത്തിയാണ് ബി നിലവറ തുറക്കലിനെ തുടക്കം മുതൽ രാജകുടുംബം എതിർത്തത്. തന്ത്രിമാരുടെ നിലപാട് അറിഞ്ഞശേഷം വീണ്ടും ഭരണസമിതി ചർച്ച ചെയ്താകും ബി നിലവറ തുറക്കലിൽ അന്തിമതീരുമാനം എടുക്കുക. 2011ലാണ് സുപ്രിം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകൾ തുറന്നത്.