< Back
Kerala
Dispute and Protest over removal of bodies of tribals who died in forest in Athirappilly
Kerala

അതിരപ്പിള്ളിയില്‍ വനത്തില്‍ മരിച്ച ആദിവാസികളുടെ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി തർക്കം; പ്രതിഷേധം

Web Desk
|
15 April 2025 2:32 PM IST

കലക്ടർ വരാതെ ആംബുലൻസ് എടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ ഇതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി.

തൃശൂർ: അതിരപ്പിള്ളിയില്‍ വനത്തിനുള്ളില്‍ ആദിവാസികള്‍ മരിച്ചതിൽ മൃതദേഹം മാറ്റുന്നതിനെ ചൊല്ലി തർക്കം. മരിച്ചവരിൽ ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞു. കോൺഗ്രസിന്റേയും ബിജെപിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കലക്ടർ വരാതെ ആംബുലൻസ് എടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എന്നാൽ ഇതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി. മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.

സതീഷന്റെ മൃതദേഹം ചാലക്കുടി ഗവ. താലൂക്ക് ആശുപത്രിയിലും അംബികയുടേത് തൃശൂർ മെഡിക്കൽ കോളജിലും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചിരുന്നു. രണ്ട് മൃതദേഹങ്ങളും ഒരേ സമയം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകാനായിരുന്നു ഇത്തരമൊരു ക്രമീകരണം. തുടർന്ന് അംബികയുടെ മൃതദേഹം തൃശൂർ മെഡി. കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമ്പോഴായിരുന്നു പ്രതിഷേധം.

ആംബുലൻസ് പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു ചാലക്കുടി എംപി ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ തന്നെ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് കലക്ടർ അടക്കമുള്ളവർ പറഞ്ഞിരുന്നെന്നും അതില്ലാതെ വന്നതോടെയാണ് പ്രതിഷേധമെന്നുമാണ് കോൺഗ്രസ് പറയുന്നത്. അധികൃതർ ബന്ധുക്കളെ പറ്റിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

എന്നാൽ ഇവർക്കെതിരെ രംഗത്തെത്തിയ ബന്ധുക്കൾ മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.

ഇന്നലെ രാത്രിയാണ് ഇരുവരും മരിച്ചത്. അതിരപ്പള്ളി വഞ്ചിക്കടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കാനുള്ള ഒരുക്കത്തിലായിരുന്നു സതീശൻ, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവർ. ഇതിനിടെ ഇവിടേക്ക് നാല് കാട്ടാനകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് നിഗമനം.

എന്നാൽ ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആനകളുടെ ആക്രമണത്തിലാണോ അതോ അവയെ കണ്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റാണോ മരണമെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ് പറയുന്നു. അംബികയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നാണ് കണ്ടെടുത്തത്.

സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവൻ നഷ്ടമായത്.



Similar Posts