< Back
Kerala
നിയമസഭ തെരഞ്ഞെടുപ്പ്: ആലപ്പുഴ, കുട്ടനാട് സീറ്റുകളിൽ കോൺഗ്രസിലും യുഡിഎഫിലും തർക്കം
Kerala

നിയമസഭ തെരഞ്ഞെടുപ്പ്: ആലപ്പുഴ, കുട്ടനാട് സീറ്റുകളിൽ കോൺഗ്രസിലും യുഡിഎഫിലും തർക്കം

Web Desk
|
16 March 2026 7:05 AM IST

അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിൽ എതിർപ്പുണ്ട്

ആലപ്പുഴ: ആലപ്പുഴ, കുട്ടനാട് സീറ്റുകളിൽ കോൺഗ്രസിലും യുഡിഎഫിലും തർക്കം. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന് കോൺഗ്രസ് പിന്തുണ നൽകുന്നതും ലത്തീൻ സഭയുടെ ഭാഗത്ത് നിന്നുള്ള സ്ഥാനാർഥിയെ വേണമെന്ന സമ്മർദ്ദവുമാണ് ആലപ്പുഴയിൽ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിക്കുന്നത്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് അനിൽ ബോസ് വീണ്ടും ആവശ്യപ്പെട്ടതും യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ കൂടുതൽ നേതാക്കൾ രംഗത്ത് വരും.

അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ യുഡിഎഫ് പിന്തുണക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിൽ എതിർപ്പുണ്ട്. പിണറായി വിജയന് അനുകൂലമായി സ്വീകരിച്ച നിലപാടും, കോൺഗ്രസിനെ ഇത്രയും കാലം കുറ്റം പറഞ്ഞ് നടന്ന ഒരു സിപിഎം നേതാവിനെ പിന്തുണക്കുന്നതിലുമാണ് എതിർപ്പുള്ളത്. ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ ഈ അതൃപ്തി കെ.സി വേണുഗോപാൽ എംപിയെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ ലത്തീൻ സഭയുടെ ആവശ്യപ്രകാരമുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന സമ്മർദ്ദവും നേതാക്കളിൽ ഒരു വിഭാഗത്തെ ചൊടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ 20 വർഷത്തോളം സഭയുടെ ആവശ്യപ്രകാരമുള്ള സ്ഥാനാർഥിയെയാണ് ആലപ്പുഴയിൽ നിർത്തുന്നത്. എന്നാൽ ഇതുവരെയായിട്ടും കോൺഗ്രസിന് ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ സഭ നിർദ്ദേശിക്കുന്ന ആളെ സ്ഥാനാർഥിയാക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. പകരം മറ്റൊരാളെ പരിഗണിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്. ഒപ്പം തന്നെ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് അനിൽ ബോസ് വീണ്ടും ആവശ്യപ്പെട്ടതും യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രധാനപ്പെട്ട സീറ്റായ കുട്ടനാട് വിട്ടുകൊടുക്കില്ല എന്ന് ഉറപ്പാണ്. സ്ഥാനാർഥി പട്ടിക വരുന്നതോടുകൂടി കൂടുതൽ നേതാക്കൾ രംഗത്ത് വരും.

Similar Posts