< Back
Kerala
കുർബാന ഏകീകരണത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമാകുന്നു
Kerala

കുർബാന ഏകീകരണത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമാകുന്നു

Web Desk
|
12 Dec 2021 7:15 AM IST

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി അതിരൂപതയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് വിമതപക്ഷത്തിന്‍റെ വാദം.

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തില്‍ എറണാകുളം - അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമാകുന്നു. പുതിയ രീതി നടപ്പാക്കില്ലെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രഖ്യാപിച്ചു. തുടർ സമരപരിപാടികൾ തീരുമാനിക്കാന്‍ വിമതവിഭാഗം ഇന്ന് യോഗം ചേരും.

വത്തിക്കാൻ നിർദ്ദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം വൈദികര്‍. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോൾ വന്നതെന്നാണ് വിമത വിഭാഗത്തിൻറെ പുതിയ വാദം. സിറോ മലബാര്‍ സഭ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ് അല്മായ മുന്നേറ്റത്തിന്‍റെ തീരുമാനം. സമരപരിപാടികൾക്ക് ഇന്ന് ചേരുന്ന യോഗം രൂപം നല്കും.

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി അതിരൂപതയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് വിമതപക്ഷത്തിൻ്റെ വാദം. അതേസമയം വിമത വിഭാഗത്തിനെതിരെ മറ്റ് വിശ്വാസികളും സംഘടിച്ച് തുടങ്ങി.

ഏകീകൃത രീതിയിലുള്ള കുർബാന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സഭ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസികൾ എറണാകുളം അങ്കമാലി മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആൻറണി കരിയിലിന് നിവേദനം നല്‍കും. വാദപ്രതിവാദങ്ങളുമായി വിശ്വാസികൾ രണ്ടുപക്ഷം ചേരുമ്പോൾ കുർബാന ഏകീകരണം സഭയിൽ പുതിയ തലവേദനകൾ സൃഷ്ടിക്കുകയാണ്.

Similar Posts