< Back
Kerala
Dispute in Kerala Congress Joseph over Kothamangalam seat
Kerala

കോതമംഗലം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

Web Desk
|
3 Feb 2026 1:24 PM IST

സാമുദായിക പരിഗണനയും വിജയസാധ്യതയും കണക്കാക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ആവശ്യം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോതമംഗലം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം. സീറ്റില്‍ അവകാശവാദമുന്നയിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ നേതൃത്വവും വെട്ടിലായി.

എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയതാണ് കോതമംഗലം സീറ്റ്. കഴിഞ്ഞ രണ്ട് തവണ പരാജയം ഏറ്റുവാങ്ങിയതോടെ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്നുയര്‍ന്നു. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് നിലപാടെടുത്ത കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ട്ടിക്കുള്ളിലെ ഭിന്നത തലവേദനയായി. മുമ്പ് മത്സരിച്ച് പരാജയപ്പെട്ട ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിനെതിരെ ഒരുവിഭാഗം പരസ്യമായിത്തന്നെ രംഗത്തത്തിയിട്ടുണ്ട്. സാമുദായിക പരിഗണനയും വിജയസാധ്യതയും കണക്കാക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് ആവശ്യം.

പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പകരം വനിതകളെ രംഗത്തിറക്കാനും നീക്കമുണ്ട്. അങ്ങനെ വന്നാല്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ആശ വര്‍ഗീസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തിനിടയിലും വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് ഷിബു തെക്കുംപുറം നല്‍കുന്നത്.

Similar Posts