< Back
Kerala

Kerala
വിവാഹ സംഘം റോഡ് ബ്ലോക്കാക്കി; തൃശൂർ ചെറുതുരുത്തിയിൽ കൂട്ടത്തല്ല്
|22 Nov 2025 9:05 PM IST
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സർക്കാരത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്
ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ കല്യാണ പാർട്ടിക്കാരും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല്. കല്യാണ പാർട്ടിക്കാർ റോഡ് ബ്ലോക്കാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സർക്കാരത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്.
നിരവധി ആഡംബര കാറുകൾ ഓഡിറ്റോറിയത്തിന് സമീപം പാർക്ക് ചെയ്തിരുന്നു. റോഡ് ബ്ലോക്കാവുകയും നിരവധി വാഹനങ്ങൾ കുടുങ്ങുകയും ചെയ്തതോടെ പിറകിലൈ ടിപ്പർ ലോറിയിലെ ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെ വാക്കേറ്റമുണ്ടാവുകയും ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു. വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീറിനാണ് മർദനമേറ്റത്.
ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷം രൂക്ഷമായി. വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ആളുകളെ പിരിച്ചുവിട്ടത്. അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.