< Back
Kerala
കൊച്ചി മേയറെ ചൊല്ലി തർക്കം; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു
Kerala

കൊച്ചി മേയറെ ചൊല്ലി തർക്കം; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

Web Desk
|
23 Dec 2025 11:15 AM IST

ഷൈനി മാത്യു, ദീപ്തി മേരി വർഗീസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിണിക്കുന്നത്

കൊച്ചി: കൊച്ചി മേയറെ നിശ്ചയിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ശക്തമായ ഭിന്നത നിലനില്‍ക്കെ എറണാകുളം ഡിസിസിയുടെ കോർ കമ്മിറ്റി ഇന്ന് ചേരും. ഷൈനി മാത്യു, ദീപ്തി മേരി വർഗീസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിണിക്കുന്നത്. ഷൈനിക്ക് വേണ്ടിയും ദീപ്തിക്ക് വേണ്ടിയും സാമുദായിക ഗ്രൂപ്പ് സമ്മർദങ്ങള്‍ ശക്തമാണ്.

കൊച്ചി മേയർ പദവിയെ ചൊല്ലി നേതാക്കള്‍ക്കിടയിലും ഭിന്നത രൂക്ഷമായി തുടരുകയാണ്. ഭൂരിപക്ഷം കൗണ്‍സിലർമാരുടെയും പിന്തുണ ഷൈനി മാത്യുവിനെന്നാണ് സൂചന. കൗണ്‍സിലർമാരുടെ അഭിപ്രായം ഇന്ന് ചേരുന്ന ഡിസിസി കോർ കമ്മിറ്റി പരിഗണിക്കും. തീരുമാനം ഡിസിസി തലത്തില്‍ തന്നെ എടുക്കട്ടെ എന്ന നിലപാടിലാണ് കെപിസിസി. വിഷയത്തിൽ ഇടപെടാന്‍ താത്പര്യമില്ലെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.

ഇരുവർക്കും പുറമെ പാലാരിവട്ടം കൗൺസിലറായ വി.കെ മിനി മോളെയും മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഷൈനി മാത്യൂവിനും വി.കെ മിനി മോൾക്കും ലത്തീൻ സഭയുടെ പിന്തുണയുണ്ട്.

എന്നാൽ കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് ദീപ്തി മേരി വർഗീസ്. സംഘടനാ തലത്തിൽ സീനിയോറിറ്റി പരിഗണിച്ച് ദീപ്തി വർഗീസിനെ മേയറാകണം എന്ന വാദവും പാർട്ടിക്കുളിലുണ്ട്. കെസി വേണുഗോപാൽ പക്ഷമായത് കൊണ്ട് തന്നെ ദീപ്തി മേരി വർഗീസിനാണ് മേയർ സ്ഥാനം ലഭിക്കാനുള്ള കൂടുതൽ സാധ്യത. എന്നാൽ ലത്തീൻ സഭയുടെ സമ്മർദ്ദം കൂടി കണക്കിലെടുത്ത് പാർട്ടിയിൽ ഇത് ചർച്ചയാവുകയായിരുന്നു. തുടർന്നാണ് ഇതിൽ ഭിന്നത രൂപപ്പെട്ടതും.

Similar Posts