
ട്വന്റി-20യുടെ എൻഡിഎ പ്രവേശനത്തിൽ അതൃപ്തി;പാര്‍ട്ടി വിടാനൊരുങ്ങി ഒരു വിഭാഗം നേതാക്കൾ
|ഇടഞ്ഞ് നിൽക്കുന്നവരുമായി കോൺഗ്രസ് ആശയവിനിമയം നടത്തി
കൊച്ചി: എന്‍ഡിഎയുടെ ഭാഗമാതോടെ ട്വന്‍റി 20യിൽ പിളർപ്പ്. ഒരു വിഭാഗം പാർട്ടി വിടാനൊരുങ്ങുന്നു. ഇതോടെ രണ്ട് പഞ്ചായത്തുകളുടെ ഭരണം അനിശ്ചിതത്വത്തിലാകും. സാബു എം ജേക്കബിൻ്റേത് മതിയായ കൂടിയാലോചനയില്ലാതെയുള്ള തീരുമാനമെന്നാരോപിച്ചാണ് ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടുന്നത്. കൂടുതൽ പേർ രാജി സന്നദ്ധതയറിയിച്ച് രംഗത്തെത്തിയെന്നാണ് വിവരം.
ഇതോടെ പൂതൃക്ക, വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തുകളിൽ ഭരണം അനിശ്ചിതത്വത്തിലാകും. പൂതൃക്കയിൽ കോൺഗ്രസിനും ട്വൻറി ട്വൻ്റിക്കും ഏഴ് വീതം സീറ്റുകളും എൽഡിഎഫിന് രണ്ട് സീറ്റുകളുമാണുള്ളത്. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ഏഴ് സീറ്റുള്ള കോൺഗ്രസ് രണ്ട് സീറ്റുള്ള ട്വൻ്റി-20 യുടെ പിന്തുണയിലാണ് അധികാരത്തിലെത്തിയത്. രണ്ടിടങ്ങളിലും മുന്നണികളുടെ നിലപാടുകൾ നിർണായകമാകും.
ഐക്കരനാട് പഞ്ചായത്തിൽ ആകെയുള്ള 16 സീറ്റിലും വിജയിച്ചാണ് ട്വന്റി20 ഭരണത്തിലെത്തിയത്.കിഴക്കമ്പലത്ത് 14 സീറ്റു നേടി ഭരണത്തിൽ തുടരുന്ന ട്വന്റി 20 ക്ക് പ്രതിസന്ധിയില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ പഞ്ചായത്തിലെ രണ്ട് സീറ്റും വടവുകോട് ബ്ലോക് പഞ്ചായത്തിലെ ഭരണവും ട്വന്‍റി 20 ക്ക് നഷ്ടമായിരുന്നു.
നാല് പഞ്ചായത്തുകളില്‍ ഭരണമുണ്ടെങ്കിലും അണികളുടെ കൊഴിഞ്ഞ് പോക്ക് ട്വൻറി- 20 ക്ക് വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല. ട്വൻ്റി- 20 വിടുന്നരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് സിപിഎമ്മും കോൺഗ്രസും.