
കുറ്റ്യാടി വേളം പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു; മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലക്കെതിരെ പ്രതിഷേധ പ്രകടനം
|മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി കെ.സി മുജീബ് റഹ്മാനെ സസ്പെൻ്റ് ചെയ്തതിലാണ് പ്രതിഷേധം.
കോഴിക്കോട്: കുറ്റ്യാടി വേളം പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലക്കെതിരെ ലീഗിലെ ഒരു വിഭാഗം പ്രതിഷേധ പ്രകടനം നടത്തി.
നടപടി നേരിട്ട ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ ആണ് പ്രകടനം നടത്തിയത്. മുസ്‌ലിം ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി കെ.സി മുജീബ് റഹ്മാനെ സസ്പെൻ്റ് ചെയ്തതിലാണ് പ്രതിഷേധം.
സംഘടന തീരുമാനനങ്ങളോട് സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് മുജീബ് റഹ്മാനെ സസ്പെൻ്റ് ചെയ്തത്. വേളം പഞ്ചായത്ത് ഭരണത്തിൽ യുഡിഎഫ് മുന്നണി ധാരണയുമായി ബന്ധപ്പെട്ടാണ് ലീഗിൽ ഭിന്നത ഉടലെടുത്തത്. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനം വെച്ച് മാറുന്നതിൽ ആയിരുന്നു തർക്കം. തർക്കത്തെ തുടർന്ന് യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫ്ന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് വേളം പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടതും, മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി കെസി മുജീബ് റഹ്മാനെ സസ്പെൻ്റ് ചെയ്തതും.