< Back
Kerala
Divya S Iyer Praises CPM Kannur District Secretary KK Ragesh
Kerala

'കർണന് പോലും അസൂയ തോന്നുംവിധം ഈ കെകെആർ കവചം'; കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ

Web Desk
|
15 April 2025 8:56 PM IST

മുഖ്യമന്ത്രിക്ക് ഒപ്പമുള്ള കെ.കെ രാഗേഷിൻ്റെ ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ ഐഎഎസ്. കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ്.

മുഖ്യമന്ത്രിക്ക് ഒപ്പമുള്ള കെ.കെ രാഗേഷിൻ്റെ ചിത്രം പങ്കുവച്ചാണ് പോസ്റ്റ്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ജീവിതം മുന്നിൽനിന്ന് വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ​ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം. കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്- പോസ്റ്റിൽ പറയുന്നു.

പോസ്റ്റിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സർവീസ് ചട്ടങ്ങൾ മറന്നാണ് ദിവ്യ എസ്. അയ്യർ ഐഎഎസ് കെ.കെ രാഗേഷിന് വാഴ്ത്തുപാട്ട് പാടുന്നതെന്നും കണ്ണൂർ ജില്ലാ കലക്ടറായി തെരഞ്ഞെടുത്തതിനല്ല, കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയാക്കിതിനാണ് ഈ കസർത്തെന്നും യൂത്ത് കോൺ​ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഫേസ്ബുക്കിലൂടെ വിമർശിച്ചു.

പിണാറായിക്കാലത്ത് എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മേഡം ഓർക്കണം. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ വിദൂഷകയായി മാറുകയാണ് ഇവർ. ഔദ്യോഗിക കൃത്യനിർവഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാർ ലക്ഷ്യമിടുന്നത് എന്താണ്...?- വിജിൽ ചോദിച്ചു.

അത്യന്തം ഗൗരവമുള്ള പദവികളിൽ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങൾ ബി-ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്. ദിവ്യ എസ്. അയ്യരുടെ സർക്കാർ സ്തുതികളിൽ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്പും ഇവർ വിളിച്ച് പറഞ്ഞിട്ടുണ്ട്. വികസന പ്രവൃത്തികളുടെ നാൾവഴികൾ പോലും പഠിക്കാതെ യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങൾ വേണ്ടിയുള്ള ആശ്ലേഷങ്ങൾ ഇവർ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു- വിജിൽ കൂട്ടിച്ചേർത്തു.

നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍ നിന്ന് രാഗേഷ് മാറും.





Similar Posts