< Back
Kerala
DME says five-member medical team will investigate Kozhikode Medical College casualty smoke
Kerala

കോഴിക്കോട് മെഡി. കോളജ് കാഷ്വാലിറ്റിയിലെ പുക: അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

Web Desk
|
4 May 2025 3:48 PM IST

കാഷ്വാലിറ്റി, എംആർഐ വിഭാഗങ്ങൾ പ്രവർത്തനസജ്ജമാക്കുന്നത് വൈകും.

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ. പൂർണമായ റിപ്പോർട്ട്‌ ഈ ആഴ്ച തന്നെ സർക്കാരിന് നൽകും. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥൻ പറഞ്ഞു. പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളജ് സർജറി വിഭാഗം പ്രൊഫസർ, എറണാകുളം പൾമണോളജി എച്ച്ഒഡി, കൊല്ലം മെഡി. കോളജ് ഫോറൻസിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച‌ യോഗം മൂന്നര മണിക്കൂർ നീണ്ടു. വകുപ്പ് മേധാവികൾ, മെഡിക്കൽ കോളജ് സൂപ്രണ്ട്, ഡിഎംഇ, പ്രിൻസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, പുകയുണ്ടായ കാഷ്വാലിറ്റി ഉൾപ്പെടുന്ന ബ്ലോക്ക് പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്. അപകടമുണ്ടായ ബ്ലോക്കിലെ രോഗികളെ മാറ്റുന്നതിനാണ് ആദ്യ മുൻഗണന. താഴത്തെ നിലയും ഒന്നാം നിലയും ഒഴികെയുള്ള മറ്റ് നിലകൾ ഇന്നു തന്നെ പ്രവർത്തനസജ്ജമാക്കും. കാഷ്വാലിറ്റി, എംആർഐ വിഭാഗങ്ങൾ പ്രവർത്തനസജ്ജമാക്കുന്നത് വൈകും. എംആർഐ മുറിയുടെ യുപിഎസിൽ വച്ച ബാറ്ററിയിൽ നിന്നാണ് പുകയാരംഭിച്ചതും വലിയ രീതിയിലേക്ക് വ്യാപിച്ചതും അപകടമുണ്ടായതും. ഇത് ശരിയാക്കാൻ ഒരാഴ്ചയെങ്കിലുമെടുക്കും.

2026 വരെ വാറന്റിയുള്ളതാണ് യുപിഎസ്. അതിനാൽ ഫിലിപ്‌സ് കമ്പനി ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. യുപിഎസിന്റെ ഇനിയുള്ള പ്രവർത്തനങ്ങൾ കമ്പനി ഇടപെട്ട് നേരിട്ട് നടത്തും. നിലവിൽ പഴയ കാഷ്വാലിറ്റിയാണ് പുതിയതിന് പകരം പ്രവർത്തിക്കുക. പുറത്തെ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളെ എത്രയും വേഗം ഇവിടേക്ക് മാറ്റും. കൂടാതെ പുതിയ ബ്ലോക്കിലെ ഓപറേഷൻ തിയേറ്ററും ചൊവ്വാഴ്ചയോടെ പ്രവർത്തനസജ്ജമാകും.

Similar Posts