< Back
Kerala
Do not give cough syrup to children under 2 years of age Drugs Controller issues circular

Photo| Special Arrangement

Kerala

'2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്': സർക്കുലറുമായി ഡ്രഗ്‌സ് കൺട്രോളർ

Web Desk
|
5 Oct 2025 12:39 PM IST

നിർദേശങ്ങൾ പാലിക്കണമെന്നും മതിയായ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കുലർ പുറത്തിറക്കി ഡ്രഗ്സ് കൺട്രോളർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്നും സർക്കുലറിൽ പറയുന്നു.

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകൾ നിർദേശിക്കരുതെന്നും ഒന്നിലധികം മരുന്ന് ചേരുവുകൾ ചേർന്നിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അതിനാൽ അത്തരം പ്രിസ്‌ക്രിപ്ഷനുകൾ വന്നാൽ ഈ മരുന്നുകൾ നൽകേണ്ടതില്ല- സർക്കുലർ നിർദേശിക്കുന്നു.

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം ഫോർമുലേഷനുകൾ സാധാരണഗതിയിൽ നിർദേശിക്കാറില്ല. എന്നാൽ അതിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ ഡോക്ടർ നിർദേശിച്ചിട്ടുള്ള അളവിലും കാലയളവിലും കൃത്യതയോടെ ശ്രദ്ധാപൂർവം ഉപയോഗിക്കാൻ നിർദേശം നൽകണമെന്നും സർക്കുലറിൽ പറയുന്നു.

ജിഎംപി (ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ്) സർട്ടിഫൈഡ് നിർമാതാക്കളുടെ ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്തുന്നുള്ളൂ എന്ന് ഉറപ്പാക്കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ മരുന്നുവ്യാപാരികളും ഫാർമസിസ്റ്റുകളും ഈ നിർദേശങ്ങൾ പാലിക്കണമെന്നും മതിയായ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.


കേരളത്തില്‍ കോൾഡ്‌റിഫ് സിറപ്പിന്റെ വില്‍പ്പന നിർത്തിവെപ്പിച്ചിരുന്നു. കോൾഡ്‌റിഫ് സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്.

എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വില്‍പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ എട്ട് വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്. കോൾഡ്‌റിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചു വരുന്നു. കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Posts