< Back
Kerala
Do Not Impose Fine for not having a certificate after taking photos of Running Vehicles Says Transport Commissioner
Kerala

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട: നിർദേശവുമായി ഗതാഗത കമ്മീഷണർ

Web Desk
|
16 April 2025 9:27 PM IST

അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്ന് ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: വാഹന പരിശോധനയിൽ സുപ്രധാന നിർദേശവുമായി ഗതാഗത കമ്മീഷണർ. ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്നും അങ്ങനെ ചെയ്താൽ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു.

ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകൽക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീർത്തി ഉളവാക്കുന്നതുമാണ്. അതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാൻ പാടില്ല.

അടിസ്ഥാനരഹിതമായ കേസുകൾ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയർ അനധികൃത ഓൾട്ടറേഷനായി പരിഗണിക്കാൻ മോട്ടോർവാഹന നിയമത്തിലോ മറ്റ് സർക്കാർ ഉത്തരവുകളിലോ നിർദേശിക്കുന്നില്ല. വിനോദസഞ്ചാരികൾ ഉൾപ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്‌സി വാഹനങ്ങളിലെ ലഗേജ് ക്യാരിയറുകൽക്കെതിരെ നിയമപരമല്ലാത്ത ഇത്തരം പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങൾ കള്ള ടാക്‌സിയെയും മറ്റും കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം.

ഇത്തരം നടപടികൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം. നിയമപരമല്ലാത്ത ഇത്തരം നടപടികൾ വകുപ്പിന്റെ സത്കീർത്തിക്ക് കളങ്കമേൽപ്പിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


Similar Posts