< Back
Kerala
Chennithala as a guest at the Jamia Nooria conference
Kerala

ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ശ്രമിക്കരുത്: രമേശ് ചെന്നിത്തല

Web Desk
|
29 March 2025 7:22 PM IST

‘ഈ വിരട്ടലില്‍ വീണു പോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കാനുള്ളത്’

തിരുവനന്തപുരം: ഭയപ്പെടുത്തിയും ആക്രമിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടാന്‍ സംഘ് പരിവാര്‍ ശക്തികള്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കലയും സാഹിത്യവും സിനിമയും നാടകവുമൊക്കെ അതത് കാലത്തോടുള്ള മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. ഇത്തരം കലാരൂപങ്ങളിലൂടെ ഉയര്‍ന്നുവരുന്ന സാമൂഹിക വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും മുന്നോട്ടുപോകുമ്പോഴാണ് ജനാധിപത്യം സാധ്യമാകുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത കലയുടെ ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്കു നയിക്കുന്ന രീതിയില്‍ ഒരു സംഘടിത പ്രസ്ഥാനവും വളര്‍ത്തിക്കൊണ്ടു വരരുത്.

കഴിഞ്ഞ ദിവസം റിലീസായ മോഹന്‍ ലാല്‍ ചിത്രം കണ്ടില്ല. പക്ഷേ അതിനെതിരെയുള്ള കടുത്ത അസഹിഷ്ണുതാപരമായ നിലപാടുകള്‍ സംഘ് പരിവാര്‍ സംഘടനകളും അണികളും നടത്തുന്നത് ശ്രദ്ധയില്‍പെട്ടു. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തിയ കേരളാ ഡയറി എന്ന സിനിമയ്ക്കനുകൂലമായി വ്യാപക മാര്‍ക്കറ്റിങ് ഏറ്റെടുത്ത അതേ സംഘപരിവാര്‍ ശക്തികള്‍ തന്നെയാണ് തങ്ങളുടെ ചില മുന്‍കാലചെയ്തികളുടെ റഫറന്‍സുകള്‍ ഉണ്ടെന്ന പേരില്‍ ഒരു വാണിജ്യ സിനിമയെ കടന്നാക്രമിക്കുന്നത്. ഇത്ര അസഹിഷ്ണുത ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കു യോജിച്ചതല്ല. ഭയപ്പെടുത്തിയും ആക്രമിച്ചും കലയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാം എന്നു കരുതരുത്. ഈ വിരട്ടലില്‍ വീണു പോകരുതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കാനുള്ളത്.

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നിരവധി പ്രൊപ്പഗാന്‍ഡാ സിനിമകള്‍ക്കു പിന്തുണയും സഹായവും ചെയ്തവരാണ് ബിജെപിക്കാര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടിക്ക് അനുകൂലമായി പ്രൊപ്പഗാന്‍ഡ് സിനിമകള്‍ ചെയ്യുന്നവരുമാണ്. അവര്‍ ഒരു വാണിജ്യ സിനിമയിലെ ഒന്നോ രണ്ടോ ഡയലോഗുകളുടെ പേരില്‍ ഇത്രയേറെ വെറി പിടിക്കണ്ട കാര്യമില്ല. മലയാളമടക്കം മിക്ക ഭാഷയിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്ന സിനിമകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതിനെ ജനാധിപത്യസ്വാതന്ത്ര്യമായി അംഗീകരിക്കുക മാത്രമാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും ചെയ്തിട്ടുള്ളത്. എന്നാല്‍ ബിജെപി അങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യുന്നത്.

ഇക്കാര്യത്തില്‍ സിപിഎമ്മും ഒട്ടും ഭേദമല്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലെയുള്ള സിനിമകള്‍ക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ചാല്‍ തന്നെ സിപിഎമ്മിന്റെ അസഹിഷ്ണുത ബോധ്യപ്പെടും. ഒരു കലാരൂപത്തെ കലാരൂപമായി മാത്രം കാണുക എന്നതാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട്. ഇല്ലെങ്കില്‍ കശാപ്പ് ചെയ്യപ്പെടുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമായിരിക്കും - ചെന്നിത്തല വ്യക്തമാക്കി.

Similar Posts