
Crime | Photo | Special Arrangement
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി
|താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്
താമരശ്ശേരി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. വടിവാൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമാണ്.
കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. സനൂപ് എന്നയാളാണ് വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്. മകൾക്ക് ചികിത്സ നൽകുന്നതിലും പിഴവു പറ്റിയെന്നും വൈകിയാണ് ചികിത്സ ലഭിച്ചതെന്ന ആരോപണവും കുടുംബം ഉന്നയിച്ചിരുന്നു.
നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ ഡോക്ടർ വിപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടറുടെ തലച്ചോറിനകത്ത് മുറിവില്ല. എന്നാൽ തലയോട്ടിയിൽ മുറിവുള്ളതായി വിപിനെ പരിശോധിച്ച ഡോക്ടർ പ്രതികരിച്ചു. ന്യൂറോ സർജറി ഐസിയുവിലാണ് ഡോക്ടറുള്ളത്. ന്യൂറോ പ്ലാസ്റ്റിക് സർജറി ടീമാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ശേഷം ശസ്ത്രക്രിയ നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.