< Back
Kerala
പാടില്ലാ പാടില്ലാ നമ്മെ നമ്മൾ, ഓണാഘോഷത്തിന്റെ തിരക്കിലുള്ള 40 വയസ് കഴിഞ്ഞ യുവാക്കൾ വായിക്കാൻ; ചർച്ചയായി ഡോക്ടറുടെ കുറിപ്പ്

representative image

Kerala

'പാടില്ലാ പാടില്ലാ നമ്മെ നമ്മൾ, ഓണാഘോഷത്തിന്റെ തിരക്കിലുള്ള 40 വയസ് കഴിഞ്ഞ യുവാക്കൾ വായിക്കാൻ'; ചർച്ചയായി ഡോക്ടറുടെ കുറിപ്പ്

Web Desk
|
3 Sept 2025 10:37 AM IST

ശരീരത്തിനെ പെട്ടെന്ന് ഒരു ദിവസം പരീക്ഷണത്തിന് വിധേയമാക്കുന്നതിനെ ആന മണ്ടത്തരം എന്നാണ് വിളിക്കേണ്ടതെന്നും ഡോ.വി.കെ ഷമീര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേൾക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോൾ കളിക്കുന്നതിനിടയിലും കുഴഞ്ഞ് വീഴുന്ന ചെറുപ്പക്കാരുടെ എണ്ണം അനുദിനം കൂടുകയാണ്. ഓണക്കാലമായതിനാല്‍ നാട്ടിലുടനീളം വിവിധ കലാകായിക മത്സരങ്ങള്‍ പൊടിപൊടിക്കുന്ന സമയം കൂടിയാണിത്. ഒരാവേശത്തിന് ഓട്ടത്തിനും ചാട്ടത്തിനും വടം വലിക്കുമെല്ലാം ഇറങ്ങിപ്പുറപ്പെടുന്നവരാണോ നിങ്ങള്‍..പ്രത്യേകിച്ച് 40 വയസ് കഴിഞ്ഞ ചെറുപ്പക്കാര്‍.

ശരീരത്തെ പെട്ടെന്ന് ഒരു ദിവസം ഇതുപോലെത്തെ പരീക്ഷണത്തിന് വിധേയമാക്കുന്നതിനെ ആന മണ്ടത്തരം എന്നാണ് വിളിക്കേണ്ടതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ ഡോക്ടർ വി.കെ ഷമീര്‍ പറയുന്നു.

'നിങ്ങൾക്ക് 25 കിലോമീറ്റർ മാരത്തോൺ ഓടാം, ഒരു പ്രശ്നവും ഇല്ല. നിങ്ങൾക്ക് എത്ര കിലോമീറ്റർ വേണമെങ്കിലും സൈക്കിൾ ചവിട്ടാം, 100 പുഷ് അപ്പ് ഒന്നിച്ച് എടുക്കാം, പക്ഷേ ഒരു കണ്ടീഷൻ, നിങ്ങൾക്ക് അത് ശീലം ഉണ്ടായിരിക്കണം. ഒരു ദിവസം കൊണ്ട് അത് സാധിക്കുമെന്ന് വ്യാമോഹിക്കരുതെന്നും ഡോ.വി.കെ ഷമീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'നിങ്ങളുടെ ശരീരത്തെ എന്ത് വ്യായാമത്തിനായാലും ശരി, മെല്ലെ മെല്ലെ പാകപ്പെടുത്തണം. ഓട്ടത്തിനായാലും പുഷപ്പിനായാലും. അല്ലെങ്കിൽ ഏത് ഭാഗം വേണമെങ്കിലും പണി തരാം. അത് വടം വലിക്കുമ്പോൾ ഡിസ്ക് ഇളകൽ മുതൽ മാരത്തോണിൽ ഹൃദയാഘാതം വരെ ആവാം. ഇതൊന്നും ശീലമില്ലാത്ത നമുക്ക് മത്സരിക്കാൻ പറ്റിയ ഐറ്റംസും ഉണ്ടാകും. ബുദ്ധിപരമായി തെരഞ്ഞെടുക്കണം. ആണുങ്ങൾക്ക് സാരി ഉടുക്കൽ, പെണ്ണുങ്ങൾക്ക് സൂചിയിൽ നൂല് കോർക്കൽ, പരമാവധി നാരങ്ങ വെച്ച സ്പൂണും കൊണ്ടോടൽ. തൽക്കാലം അതൊക്കെ മതി. ഇനി നിങ്ങൾക്ക് പുഷ് അപ്പ് ചാമ്പ്യൻ ആകണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ അടുത്ത വർഷത്തെ കൂട്ടായ്മക്ക് ഇപ്പോഴേ മെല്ലെ തുടങ്ങിക്കോളൂ' വെന്നും ഡോക്ടര്‍ പറയുന്നു.

ഡോ.വി.കെ ഷമീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ജീവിതത്തിൽ ആദ്യമായാണ് ജേഴ്‌സിയിട്ട് ഒരു കായിക മത്സരത്തിൽ പങ്കെടുക്കുന്നത്. ജേഴ്സി മാത്രമല്ല ടീമിന് കൊടിയുണ്ട്, കളറുണ്ട്, ഒരു ടീമിനു വേണ്ട എല്ലാമുണ്ട്. മെഡിക്കൽ കോളേജിലെ സ്റ്റാഫ് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കുകയാണ്.

"ഷമീർ സാർ മാരത്തോണിന് ഉണ്ടാകുമല്ലോ അല്ലേ?"

"മാര..... ത്തോ...ൺ..."

"സാറിന് പിന്നെ തടി കുറവായത് കൊണ്ട് നന്നായി ഓടാൻ പറ്റുമല്ലോ"

പ്രോത്സാഹനക്കമ്മറ്റിക്കാരൻ അങ്ങു തീരുമാനിച്ചു. ഉറപ്പിച്ചു. ജീവിതത്തിൽ ഇതുവരെ ഒരു കായിക ഇനത്തിൽ എന്നെ ആരും ഉൾപ്പെടുത്തിയിട്ടുമില്ല ഇതു പോലെ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. മാരത്തോൺ എങ്കിൽ മാരത്തോൺ.

"നോക്കാം"

ഇന്ത്യൻ കോഫീ ഹൗസിൻ്റെ മുന്നിൽ ആണ് ഫ്ലാഗ് ഓഫ്. വിചാരിച്ച പോലെ അല്ല. ഓടാൻ ഒരു ജനക്കൂട്ടം. അതിനേക്കാൾ വലിയ ജനക്കൂട്ടം കാണാൻ. ഓടുന്ന സ്റ്റാഫിൽ പ്രതീക്ഷിച്ച പോലെ ഡോക്ടർമാർ മാത്രം കുറവ്. ഞങ്ങള് ഒരു 5-10 പേർ. കണ്ടു നിൽക്കാൻ വിദ്യാർഥികൾ വരെ. ഫ്ലാഗ് പൊങ്ങി, ഓടിത്തുടങ്ങി. സംഭവം രസമുണ്ട്, കമ്മറ്റിക്കാരൻ പറഞ്ഞത് ശരി തന്നെ. സാറിന് തടി ഇല്ലാത്തത് കൊണ്ടാവും. ക്ഷീണം ഒട്ടുമില്ല. ചുറ്റും കാണാൻ നിൽക്കുന്നവരോട് കൈ വീശി കാണിച്ചു. അവർ കയ്യടിച്ചു. അഭിമാനം ഉള്ളിലൊതുക്കി വിനയം മുഖത്തു വരുത്തി ചിരിച്ചു. എത്ര ദൂരം ആയിക്കാണും എന്നറിയില്ല, നെഞ്ചിൽ ആരോ ചെണ്ട കൊട്ടുന്ന പോലെ. ആദ്യം നെറ്റിയിൽ മാത്രം പ്രത്യക്ഷപ്പെട്ട വിയർപ്പ് തുള്ളികൾ ശരീരമാസകലം നനയ്ക്കുന്ന പോലെ. ഓരോ ശ്വാസവും വന്നു നിറയുന്നതും ഒഴിയുന്നതും എല്ലാം അറിയുന്ന പോലെ.

മുന്നിലും പുറകിലും എല്ലാവരും ഓടിക്കൊണ്ടേയിരിക്കുന്നു. ചുറ്റും നോക്കി, കാണികൾ കയ്യടിക്കുന്നു, ചിലർ പേരെടുത്ത് കമ്മോൺ പറയുന്നു. അവരെ നിരാശപ്പെടുത്തിക്കൂട. ഇപ്പോൾ പിന്തിരിഞ്ഞാൽ എന്തിന് കൊള്ളാം. പോരാത്തതിന് സ്വന്തം ഡിപ്പാർട്ട്മെൻ്റിലെ സഹപ്രവർത്തകരും മുന്നിലെവിടെയോ ഓടുന്നുണ്ട്. ഇപ്പോൾ തന്നെ ഓട്ടം നിർത്തി പിന്തിരിഞ്ഞു പോയാൽ നാളെ ഡിപ്പാർട്ട്മെൻ്റിലെക്ക് കയറേണ്ടി വരില്ല. പല കഥകൾ ഇറങ്ങും, ഷമീർ ബോധം കെട്ടു വീണു, ആംബുലൻസ് വന്ന് കൊണ്ടു പോയി..... വേണ്ട.

കുറച്ച് ദൂരം കൂടി താണ്ടി. ഇപ്പോൾ നെഞ്ചിടിപ്പ് എന്നൊന്നും പറഞ്ഞാൽ പോര. നെഞ്ചു മാത്രമല്ല, ഓരോ ഇടിയിലും ശരീരം ആകെ കുലുങ്ങുന്നു. വിയർപ്പിൽ ശരീരം കുളിച്ചിരിക്കുന്നു. ശ്വാസം മുട്ടുകയാണോ ശ്വാസം നിൽക്കുകയാണോ എന്നൊന്നും നിശ്ചയമില്ല, ചുറ്റും നിൽക്കുന്നവരൊക്കെ ഒരു മങ്ങിയ രൂപങ്ങൾ ആയിരിക്കുന്നു. ആ രൂപങ്ങൾ ഇപ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയോ ചില അവ്യക്തമായ ശബ്ദങ്ങൾ... അതിൽ ചിലത് ഷമീർ സാർ..... കമ്മോൺ എന്നാണെന്ന് മാത്രം മനസ്സിലാക്കാം.

ഇത്രയും ദൂരം പിടിച്ചു നിന്നില്ലേ... ഇനി ഒരു കീഴടങ്ങൽ മോശമല്ലേ.. വിദ്യാർഥികൾ... ബാകി സ്റ്റാഫ്.. നാളത്തെ ഡിപ്പാർട്ട്മെൻ്റ്... ഇതു വരെ കഷ്ടപ്പെട്ടത്... വിടരുത്... മുഴുമിപ്പിക്കണം...

ഓട്ടം ഒക്കെ മാറി എന്തോ ഒരു ഒഴുക്കിൽ ശരീരത്തിൻ്റെ ചലനം മാത്രമായിരിക്കുന്നു ... ചലിക്കുന്നത് കാലാണോ, ശരിക്കും ബോധമുണ്ടോ, ഇത് ഞാൻ തന്നെ ആണോ... എനിക്ക് ജീവൻ ഉണ്ടോ... ഒന്നും അറിയില്ല. ഒരു വര ക്രോസ് ചെയ്തത് മത്രം ഓർമ്മയുണ്ട്. ആരൊക്കെയോ കൈയ്യടിച്ചും കൈ തന്നും അനുമോദിക്കുന്നതും തിരിച്ചറിയുന്നുണ്ട്. അരോ തന്ന ഗ്ലൂക്കോസ് പൊടി വായിലേക്ക് കമഴ്ത്തി അതിറങ്ങി പോകാൻ ഒരു കുപ്പിവെള്ളവുമൊഴിച്ച് ട്രാക്കിന് വശത്തായുള്ള പുല്ലിലേക്ക് ചരിഞ്ഞു. സൂര്യൻ കത്തി നിന്നിട്ടും ആകാശം കറുപ്പായി കാണപ്പെട്ടു. പുല്ലിലൂടെ നനഞ്ഞൊഴുകുന്ന വിയർപ്പ് ശരീരം മെല്ലെ തണുപ്പിച്ചു. ആ കറുപ്പിൽ, ആ തണുപ്പിൽ കുറെ നേരം അങ്ങനെ കിടന്നു. വിജയകരമായി മാരത്തോൺ പൂർത്തീകരിച്ച അഭിമാനത്തോടെ മെല്ലെ എഴുന്നേറ്റ് നടന്നു.

ഇതു വായിച്ച് നിങ്ങൾക്ക് എന്തു തോന്നി? എന്നെ അഭിനന്ദിക്കാൻ തോന്നിയോ? ആ സ്‌പിരിറ്റിന്. കീഴടങ്ങാത്ത മനസ്സിന്?

മണ്ണാങ്കട്ട. ഇതിന് സ്പിരിറ്റ് എന്നല്ല വാക്ക്. മണ്ടത്തരം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആന മണ്ടത്തരം.

40 വയസ്സ് കഴിഞ്ഞ യുവാക്കൾ ഇനി അങ്ങോട്ട് വായിക്കുക. വയസ്സ് എന്നത് സാഹചര്യങ്ങളുടെ മാറ്റം മാത്രം ആണെന്ന് നമുക്കറിയാം. നമ്മുടെ ചുറ്റുമുള്ളതാണ് മാറിയത്. അവയ്ക്കാണ് വയസ്സായത്. നമ്മൾക്ക് മാത്രം ഒരു മാറ്റവുമില്ല. അല്ലറ ചില്ലറ രോഗങ്ങൾ വന്നവർക്ക് ഒഴികെ എന്ത് മാറ്റമാണ് അനുഭവപ്പെടുന്നത്? ഇതാണോ നമ്മൾ പണ്ട് മനസ്സിലാക്കിയ 45 വയസ്സ്? 55 വയസ്സ്? അല്ല, നമ്മൾ ഇവിടെ എത്തിയപ്പോൾ അല്ലേ നമ്മൾ അറിയുന്നത് 45 ലും 55 ലും ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്ന്. 15 ലും 25 ലും ഉള്ള നമ്മളും ഈ നമ്മളും തമ്മിൽ എന്ത് വ്യത്യാസം. ഇച്ചിരി മുടി കൊഴിഞ്ഞതും താടി വെളുത്തതും വയറു ചാടിയതും ഒഴിച്ചാൽ.

എന്നാൽ സുഹൃത്തുക്കളെ, നമ്മുടെ മനസ്സ് അങ്ങനെ തന്നെയായിരിക്കും. പക്ഷെ ശരീരം അങ്ങനെയല്ല. നമുക്ക് വെറുതെ തോന്നുന്നതാണ്. നമ്മുടെ ഹൃദയത്തിന് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ എത്ര കൊഴുപ്പ് അടിഞ്ഞു കാണുമെന്ന് ഒരു പിടിയുമില്ല. ചിലർക്ക് അറുപതും എഴുപതും ശതമാനം അടഞ്ഞു കിടപ്പാകും. ചിലർക്ക് മുപ്പതോ നാൽപ്പതോ. വൻ ഭാഗ്യവാന്മാർക്ക് ഒട്ടും അടയാതെയും ഇരിപ്പുണ്ടാകും. ആർക്ക് എത്ര അടഞ്ഞു എന്ന് ഒരു നിശ്ചയവും ഇല്ല. ഇത് പോലെ ഓരോ അവയവത്തിലും കാലം അതിൻ്റെ കയ്യൊപ്പ് ചാർത്താതിരിക്കില്ല. നമ്മൾ അറിയാതെ.

അതുകൊണ്ട് ഇങ്ങനെയൊരു ശരീരത്തിനെ പെട്ടെന്ന് ഒരു ദിവസം മുകളിൽ പറഞ്ഞ പൊലെ ഒരു പരീക്ഷണത്തിന് വിധേയമാക്കുന്നതിനെ ആന മണ്ടത്തരം എന്നാണ് വിളിക്കേണ്ടത്. നിങ്ങൾക്ക് 25 കിലോമീറ്റർ മാരത്തോൺ ഓടാം, ഒരു പ്രശ്നവും ഇല്ല. നിങ്ങൾക്ക് എത്ര കിലോമീറ്റർ വേണമെങ്കിലും സൈക്കിൾ ചവിട്ടാം, 100 പുഷ് അപ്പ് ഒന്നിച്ച് എടുക്കാം, പക്ഷേ ഒരു കണ്ടീഷൻ, നിങ്ങൾക്ക് അത് ശീലം ഉണ്ടായിരിക്കണം. ഒരു ദിവസം കൊണ്ട് അത് സാധിക്കുമെന്ന് വ്യാമോഹിക്കരുത്.

ഒരു മാരത്തോൺ ഓട്ടത്തിൽ നമ്മുടെ ശരീരം എത്ര മാത്രം പരീക്ഷിക്കപ്പെടുന്നു എന്ന് അറിയാമോ? ഹൃദയമിടിപ്പിൻ്റെ വേഗത, രക്ത സമ്മർദ്ദം , ശരീരത്തിൻ്റെ താപനില എന്നിവയിൽ ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണ അളവുകളുടെ നൂറുകണക്കിന് മടങ്ങ് ആണ്. നമ്മൾ അറിയാതെ എന്തെങ്കിലും രോഗം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒരു പരീക്ഷണം താങ്ങാൻ അവയ്ക്ക് പറ്റിക്കൊള്ളണമെന്നില്ല.

ഈ സോഷ്യൽ മീഡിയ കാലത്തെ ഒരു ട്രെൻഡ് ആണിത്. റെസിഡൻ്റ്സ് അസ്സോസിയേഷൻ, പഴയ സ്കൂൾ, കോളജ് ഗ്രൂപ്പ്, സ്റ്റാഫ് അസോസിയേഷൻ തുടങ്ങി പല വിധ സംഘങ്ങൾ കൂട്ടായ്മകൾ സംഘടിപ്പിച്ചു കൊണ്ടേയിരിക്കും. വയോധികരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലയും കായികവും പുറത്ത് കൊണ്ട് വരാൻ ഉള്ള ശ്രമങ്ങൾ നടത്തപ്പെടും. വടം വലി, ട്രഫിലെ ഫുട്ബോൾ കളി, ഓട്ട മത്സരം, പുഷ് അപ്പ് മത്സരം തുടങ്ങി പല ഐറ്റംസും അണിനിരത്തും. അതിൻ്റെ പ്രമോഷൻ വീഡിയോകൾ ഗ്രൂപ്പുകളിൽ നിറയും. സമ്മാനമായി വാഴക്കുലയും ട്രോഫികളും നിങ്ങളെ നോക്കി ചിരിക്കും. എല്ലാവർക്കും അവസരം. എല്ലാവർക്കും പ്രോത്സാഹനം. എല്ലാവർക്കും സമ്മാനം. ഇതിൽ ആരും വീണു പോകും. പ്രത്യേകിച്ച് കാണാൻ പണ്ടത്തെ ക്ലാസ്സിലെ സ്വപ്ന കാമുകിയോ അയൽവീട്ടിലെ സുന്ദരി ചേച്ചിയോ ഒക്കെ നോക്കി നിൽപ്പുണ്ടെങ്കിൽ പറയുകയും വേണ്ട. അന്ന് തെളിയിക്കാൻ പറ്റാത്ത കഴിവ് ഇന്ന് തെളിയിക്കാൻ ശ്രമിച്ചു കളയൂം.

പാടില്ലാ പാടില്ലാ നമ്മെ നമ്മൾ... ശരീരം മറന്നൊന്നും ചെയ്തു കൂടാ ...

നിങ്ങളുടെ ശരീരത്തെ എന്ത് വ്യായാമത്തിനായാലും ശരി, മെല്ലെ മെല്ലെ പാകപ്പെടുത്തണം. ഓട്ടത്തിനായാലും പുഷപ്പിനായാലും. അല്ലെങ്കിൽ ഏത് ഭാഗം വേണമെങ്കിലും പണി തരാം. അത് വടം വലിക്കുമ്പോൾ ഡിസ്ക് ഇളകൽ മുതൽ മാരത്തോണിൽ ഹൃദയാഘാതം വരെ ആവാം. ഇതൊന്നും ശീലമില്ലാത്ത നമുക്ക് മത്സരിക്കാൻ പറ്റിയ ഐറ്റംസും ഉണ്ടാകും. ബുദ്ധിപരമായി തിരഞ്ഞെടുക്കണം. ആണുങ്ങൾക്ക് സാരി ഉടുക്കൽ, പെണ്ണുങ്ങൾക്ക് സൂചിയിൽ നൂല് കോർക്കൽ, പരമാവധി നാരങ്ങ വെച്ച സ്പൂണും കൊണ്ടോടൽ. തൽക്കാലം അതൊക്കെ മതി. ഇനി നിങ്ങൾക്ക് പുഷ് അപ്പ് ചാമ്പ്യൻ ആകണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ അടുത്ത വർഷത്തെ കൂട്ടായ്മക്ക് ഇപ്പോഴേ മെല്ലെ തുടങ്ങിക്കോളൂ. ആദ്യം ദിവസം ഒന്ന്. പിന്നെ രണ്ട്. മൂന്ന്. ഒരു മാസം കഴിയുമ്പോൾ പരമാവധി പത്ത്.

അങ്ങനെ ഒരു നാൾ ഒരു ചാമ്പ്യൻ ആവാൻ എല്ലാ ആശംസകളും നേരുന്നു


Similar Posts