
പോത്തുണ്ടിയിലെ ഇരട്ടക്കൊല: പൊലീസിന്റേത് ഗുരുതര വീഴ്ച
|നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് അയൽവാസിയായ ചെന്താമര ഇന്ന് രാവിലെ വെട്ടിക്കൊലപ്പെടുത്തിയത്.
പാലക്കാട്: പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പൊലീസിന്റെ ഗുരുതര വീഴ്ച. 2022ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ചെന്താമരക്ക് ജാമ്യം അനുവദിച്ചത്. 2023ൽ നെന്മാറ പഞ്ചായത്തിൽ പരിധിയിൽ മാത്രമാക്കി ജാമ്യ ഇളവ് ചുരുക്കി. അതിനിടെ പ്രതി ഉപാധി ലംഘിച്ച് പഞ്ചായത്തിലെത്തി താമസിച്ചത് കണ്ടെത്തിയിട്ടും പൊലീസ് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചില്ല.
നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരെയാണ് അയൽവാസിയായ ചെന്താമര ഇന്ന് രാവിലെ വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര സുധാകരനെയും കുടുംബത്തെയും ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്റെ കുടുംബവും നാട്ടുകാരും ചെന്താമരക്കെതിരെ പരാതി നൽകിയിരുന്നു. പക്ഷേ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.