< Back
Kerala
SI Abhishek
Kerala

സ്ത്രീധന പീഡനക്കേസ്; എസ്ഐക്ക് സസ്പെന്‍ഷന്‍

Web Desk
|
28 Jan 2025 8:48 AM IST

കേസിലെ മറ്റൊരു പ്രതിയായ എസ്ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു

കൊല്ലം: കൊല്ലം പരവൂരിൽ എസ്ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസിൽ പരാതിക്കാരിയുടെ ഭർത്താവായ എസ്ഐയെ സസ്പെൻഡ് ചെയ്തു. വർക്കല എസ് ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മീഡിയവൺ ആണ് എസ്ഐ മാർക്കെതിരായ പരാതി പുറംലോകത്തെ അറിയിച്ചത്.

യുവതിയുടെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. ഇതിന് പിന്നാലെയാണ് യുവതിയെ മർദിച്ചു എന്നതുൾപ്പെടെ ആരോപണം നേരിടുന്ന വനിത എസ്ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്ഐ ആശയെ സ്ഥലം മാറ്റിയത്.

സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരായ കേസ്. ജില്ലാ കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെ എസ് ഐ അഭിഷേകും മുൻകൂർ ജാമ്യം തേടി എസ്ഐ ആശയും ഹൈക്കോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യത്തെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.



Similar Posts