< Back
Kerala
മുംബൈയിലേക്ക് പറന്ന വിമാനത്തിൽ യാത്രക്കാരന് ശ്വാസതടസം; ഡോക്‌ടറുടെ ഇടപെടൽ രക്ഷയായി
Kerala

മുംബൈയിലേക്ക് പറന്ന വിമാനത്തിൽ യാത്രക്കാരന് ശ്വാസതടസം; ഡോക്‌ടറുടെ ഇടപെടൽ രക്ഷയായി

Web Desk
|
17 Jan 2024 9:13 PM IST

ആലുവ രാജഗിരി ആശുപത്രിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റായ ഡോ.അബിയുടെ സമയോചിതമായ ഇടപെടലാണ് യാത്രികന് തുണയായത്

വിമാന യാത്രക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട വ്യക്തിക്ക് രക്ഷകനായി സഹയാത്രികനായ ഡോക്ടർ. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരനാണ് കുറഞ്ഞ ഓക്‌സിജന്റെ അളവും, ഉയർന്ന രക്തസമ്മർദ്ദവും മൂലം ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഇത് തൊട്ടടുത്ത സീറ്റീൽ യാത്ര ചെയ്യുകയായിരുന്ന ഡോ. സിറിയക് അബി ഫിലിപ്സിന്റെ ശ്രദ്ധയിൽപ്പെട്ടു. ആലുവ രാജഗിരി ആശുപത്രിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റായ ഡോ.അബിയുടെ സമയോചിതമായ ഇടപെടലാണ് യാത്രികന് തുണയായത്.

ജനുവരി 14ന് ആകാശ എയർലൈൻസിൽ രാത്രിയോടെയാണ് സംഭവം. യാത്രക്കാരന് ശ്വാസം തടസ്സം അനുഭവപ്പെടുന്നത് കണ്ട് വിമാനത്തിലെ ജീവനക്കാരി നെബുലൈസർ സേവനം ലഭ്യമാക്കി. പക്ഷെ യാത്രക്കാരന് ശ്വാസം മുട്ടൽ കുറഞ്ഞില്ല. ഇതിനിടെ ഡോ.അബി സിറിയക് വിമാന ജീവനക്കാരോട് ഒരു സ്റ്റെതസ്കോപ്പ് ലഭ്യമാക്കാൻ ആവശ്യപ്പെട്ടു. ഡോക്ട്ർ നടത്തിയ പരിശോധനയിൽ ഇടതുവശത്തെ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നുവെന്ന് കണ്ടെത്തി (പ്ലൂറൽ എഫ്യൂഷൻ എന്ന് വിളിക്കപ്പെടുന്ന അവസ്ഥ). രക്ത സമ്മർദ്ദം പരിശോധിച്ചപ്പോൾ 280/160 എന്ന നിലയിലായിരുന്നു.

അർദ്ധബോധാവസ്ഥയിലായിരുന്ന യാത്രക്കാരനിൽ നിന്നും വൃക്ക തകരാറിലാണെന്നും, ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും ഡോക്ടർ അബി മനസ്സിലാക്കി. അമിത രക്തസമ്മർദത്തിന് കഴിക്കുന്ന മരുന്നിന്റെ കുറിപ്പുകൾ അയാളുടെ ഫോണിൽ ഉണ്ടായിരുന്നു.

വിമാനം ചലിക്കുന്നതിനാൽ കൈകളിലെ സിര വഴി രക്തസമ്മർദം കുറയ്ക്കാനുളള മരുന്ന് കുത്തി വെക്കാനുളള ഡോക്ടറിന്റെ ശ്രമം വിജയിച്ചില്ല. തുടർന്ന് രോഗിയെ തിരിച്ച് കിടത്തി പുറകിലായി മസിലിൽ മരുന്ന് കുത്തി വെച്ചു. അങ്ങനെയാണ് രോഗിയുടെ രക്തസമ്മർദം കുറഞ്ഞ് നിയന്ത്രണവിധേയമായത്. വിമാനം മുംബൈയിൽ ഇറങ്ങിയ ഉടനെ രോഗിയെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അടിയന്തിര ഡയാലിസിസിന് വിധേയനായ രോഗി സുഖം പ്രാപിച്ച് വരുന്നു.

ഡോക്ടർ സിറിയക് അബി ഫിലിപ്പിന്റെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് യാത്രക്കാരന്റെ കുടുംബവും, ആകാശ വിമാന കമ്പനിയുടെ ഉടമ ആദിത്യ ഘോഷും നന്ദി അറിയിച്ചു.

Related Tags :
Similar Posts