
'സഹപ്രവർത്തകർ പിന്നിൽനിന്ന് കുത്തുമെന്ന് പ്രതീക്ഷിച്ചില്ല, എന്നെ സമാധാനിപ്പിച്ച് പോയി നടത്തിയ വാര്‍ത്താസമ്മേളനം ഞെട്ടിച്ചു': ഡോ.ഹാരിസ് ചിറക്കല്‍
|വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ടെന്ന് ഡോ.ഹാരിസ് കെജിഎംസിടിഎ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും തനിക്കെതിരെ വാർത്താ സമ്മേളനം നടത്തിയത് ഞെട്ടിച്ചുവെന്ന് ഡോ.ഹാരിസ് ചിറക്കൽ.
'ചികിത്സയിലിരുന്ന തന്നെ കണ്ട് സമാധാനപ്പെടുത്തിയ ശേഷം ഇങ്ങനെ ഒരു വാർത്ത സമ്മേളനം പ്രതീക്ഷിച്ചില്ല. 1986 മുതൽ കാണുന്ന ആൾക്കാരായിരുന്നു.ചികിത്സയിലാണ് എന്ന് അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. അതിൽ വിഷമമുണ്ട്. തന്നോട് ഫോണിലൂടെയോ നേരിട്ടോ ഒരു വിശദീകരണവും ചോദിച്ചിട്ടില്ലെന്നും' ഡോ. ഹാരിസ് പറഞ്ഞു.
വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ടെന്ന് ഡോ.ഹാരിസ് കെജിഎംസിടിഎ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചു. മന്ത്രി അറിഞ്ഞിട്ടാണോ വാർത്ത സമ്മേളനം ഉണ്ടായത് എന്ന് തനിക്കറിയില്ല. വാട്ട്സാപ്പ് സന്ദേശം വ്യക്തിപരമായി ഗ്രൂപ്പിൽ ഇട്ടതാണ്.അത് പരസ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.പരിഭവവും പരാതിയുമൊക്കെയുണ്ട്. പക്ഷേ അവർ സുഹൃത്തുക്കൾ തന്നെയാണ്. സൂപ്രണ്ടിനും പ്രിൻസിപ്പലിനും എതിരെ ഒരു പരാതിയുമായും മുന്നോട്ട് പോകില്ല'..ഡോ.ഹാരിസ് പറഞ്ഞു. പ്രിൻസിപ്പലിനെയും സൂപ്രണ്ടിനേയും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കാൻ കെജിഎംസിടിഎ തീരുമാനിച്ചു.