< Back
Kerala
ഡോ. ഹാരിസ് സത്യസന്ധൻ, അദ്ദേഹം പറഞ്ഞതെല്ലാം പരിശോധിക്കും: മന്ത്രി വീണാ ജോർജ്
Kerala

ഡോ. ഹാരിസ് സത്യസന്ധൻ, അദ്ദേഹം പറഞ്ഞതെല്ലാം പരിശോധിക്കും: മന്ത്രി വീണാ ജോർജ്

Web Desk
|
29 Jun 2025 1:00 PM IST

'ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നം'

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ ഹാരിസ് പറഞ്ഞ എല്ലാ വിഷയങ്ങളിലും വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോ. ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഹാരിസ് പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. ഇത് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ആശുപത്രികളിലേക്ക് അത്രയും ആളുകൾ വരുന്നത് വിശ്വാസ്യത ഒന്നുകൊണ്ടു മാത്രമെന്നും മന്ത്രി വ്യക്തമാക്കി.

1600 കോടി സര്‍ക്കാര്‍ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് കേരളമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2021ല്‍ സൗജന്യ ചികിത്സ നല്‍കിയത് രണ്ടര ലക്ഷം പേര്‍ക്കാണ്. ഇത് 2024 ആയപ്പോഴേക്കും ആറര ലക്ഷമായി ഉയര്‍ന്നു. കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമല്ല എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും ഉള്ളവര്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നുണ്ട്. സര്‍ക്കാര്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയാണെന്നും നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ നാലംഗ സമിതി അന്വേഷണം നടത്തുമെന്നും എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും ഡിഎംഇ ഡോക്ടർ വിശ്വനാഥൻ മീഡിയവണിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ എല്ലാ മെഡിക്കൽ കോളേജിലെയും ഉപകരണങ്ങളുടെ ലഭ്യത സംബന്ധിച്ച കണക്ക് ആരോഗ്യവകുപ്പ് എടുത്തു തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമെല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Similar Posts