
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തല്‍; വിദഗ്ദസമിതിയുടെ അന്വേഷണം തുടരുന്നു
|മെഡിക്കല്‍ കോളേജില്‍ എത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ ഡോക്ടര്‍ ഹാരിസ് ഹസനില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവിയുടെ തുറന്നുപറച്ചില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയ വിദഗ്ധസമിതി അംഗങ്ങള്‍ ഡോക്ടര്‍ ഹാരിസ് ഹസനില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.
ഡോക്ടര്‍ ഹാരിസ് ഹസനിനെ കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പ് മേധാവികളുമായും വിദഗ്ധസമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. ഇതില്‍ ഉപകരണങ്ങളുടെയും മറ്റും അഭാവം ഡോക്ടര്‍മാര്‍ സമിതി അംഗങ്ങളെ അറിയിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമിക കണ്ടെത്തല്‍.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഈയാഴ്ച തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎംസിടിഎ പ്രതിഷേധം സംഘടിപ്പിക്കും. രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധം മെഡിക്കല്‍ കോളേജിലേക്ക് ഉണ്ടാകും.
അതേസമയം, ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേരളത്തലെ ആരോഗ്യരംഗം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് ആരോഗ്യ മന്ത്രി ആരോപിച്ചു. എല്‍ഡിഎഫ്- യുഡിഎഫ് കാലത്തെ കണക്കുകള്‍വെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ മന്ത്രിയുടെ താരതമ്യം. മാതൃമരണം, ശിശുമരണം സൗജന്യ ചികിത്സ പദ്ധതി, സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ ചെലവിന്റെ കണക്ക് എന്നിവ മന്ത്രി താരതമ്യം ചെയ്യുന്നുണ്ട്.
യുഡിഫിന്റെ മോശം ആരോഗ്യ സൂചകങ്ങളില്‍ നിന്നും കേരളത്തിന്റെ ആരോഗ്യ മേഖലയെ എല്‍ഡിഎഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.