< Back
Kerala
Dr Rajendran will continue as Kozhikode DMO
Kerala

കോഴിക്കോട്ടെ ഡിഎംഒ കസേരകളിയിൽ ട്വിസ്റ്റ്; ഡോ. രാജേന്ദ്രന് തുടരാമെന്ന് ഹൈക്കോടതി

Web Desk
|
27 Dec 2024 4:02 PM IST

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിലവിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാൻ സർക്കാർ തീരുമാനിച്ചു.

കൊച്ചി: കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആയി ഡോ. രാജേന്ദ്രന് തുടരാം. ജനുവരി ഒമ്പത് വരെ തുടരാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഒമ്പതിന് ഹരജി വീണ്ടും പരിഗണിക്കും.

കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ അഡീഷണൽ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ ഡിഎംഒ ആയി തുടർന്നു.

അവധിയിൽ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണൽ പിൻവലിച്ചെന്നറിഞ്ഞ് ഓഫീസിലെത്തിയതോടെയാണ് കസേരകളി തർക്കത്തിലെത്തിയത്. ജോലിയിൽനിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ് ഡോ. രാജേന്ദ്രൻ സ്ഥാനത്ത് തുടർന്നു. മാറാൻ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രൻ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനിൽ രണ്ട് പേർ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി.

ഇതേത്തുടർന്ന് കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവിയെ നിയമിച്ച് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഡോ. രാജേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിലവിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്നത് പോലെ ഉദ്യോഗസ്ഥർ തുടരാനാണ് സർക്കാർ നിർദേശം. ഒരു മാസത്തിനകം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.

Related Tags :
Similar Posts