< Back
Kerala
വന്യജീവി ആക്രമണം നേരിടാൻ വനാതിർത്തികളിൽ ഡ്രോൺ നിരീക്ഷണം; ഡ്രോൺ ഓപറേറ്റീങ് ഏജൻസികളുമായി കരാറുണ്ടാക്കും
Kerala

വന്യജീവി ആക്രമണം നേരിടാൻ വനാതിർത്തികളിൽ ഡ്രോൺ നിരീക്ഷണം; ഡ്രോൺ ഓപറേറ്റീങ് ഏജൻസികളുമായി കരാറുണ്ടാക്കും

Web Desk
|
13 Feb 2025 6:37 PM IST

വന്യജീവി ആക്രമണം തടയാൻ പത്ത്​ ദൗത്യങ്ങൾ ഇന്ന് സർക്കാർ​ പ്രഖ്യാപിച്ചിരുന്നു

തിരുവനന്തപുരം: വന്യജീവി ആക്രമണം നേരിടാൻ വനാതിർത്തികളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. ഇതിനായി ഡ്രോൺ ഓപറേറ്റീങ് ഏജൻസികളുമായി കരാറുണ്ടാക്കും. ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും നിരീക്ഷണം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വന്യജീവി ആക്രമണം തടയാൻ പത്ത്​ ദൗത്യങ്ങൾ ഇന്ന് സർക്കാർ​ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലായിരുന്നു​ തീരുമാനം.

വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കാൻ തീരുമാനിച്ചു. വനത്തിലൂടെ കടന്നുപോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടി തെളിച്ചു വിസ്ത ക്ലീയറന്‍സ് നടത്താൻ നിര്‍ദേശം നല്‍കി. വേനല്‍കാലത്തു വന മേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.

ജനവാസ മേഖലകള്‍ക്ക് അരികില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പെടുത്തും. സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്ന 28 റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകാരങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് SDMA ക്ക് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ അടിയന്തരമായി തുടര്‍ നടപടി ത്വരിതപ്പെടുത്തും. വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ രാത്രിയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കും.

Similar Posts