< Back
Kerala
drug hunt continues in kerala, 285 gram mdma seized in wayanad
Kerala

സംസ്ഥാനത്ത് വ്യാപക മയക്കുമരുന്ന് വേട്ട; വയനാട്ടിൽ 285 ഗ്രാം എം‍ഡിഎംഎ പിടികൂടി

Web Desk
|
25 March 2025 7:54 PM IST

ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് രാമനാട്ടുകരയിലെ ലോഡ്ജിൽ നിന്ന് എക്സൈസ് പിടികൂടി.

കൽപറ്റ: സംസ്ഥാനത്ത് വ്യാപക മയക്കുമരുന്ന് വേട്ട. വയനാട് ലഹരിക്കേസിൽ റിമാൻഡിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 285 ഗ്രാം എം‍ഡിഎംഎ പിടികൂടി. നേരത്തെ പിടിയിലായ കാസർകോട് സ്വദേശികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ വാഹനത്തിൽ എംഡിഎംഎ ഉള്ളതായി വിവരം ലഭിച്ചത്.

19ാം തീയതി ഏഴ് ഗ്രാം എംഡിഎംഎയുമായി പിടിയിലായ ജാബിർ കെ.എം, മുഹമ്മദ്‌ കുഞ്ഞി എന്നിവരുടെ വാഹനത്തിൽനിന്നാണ് വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തത്. അന്ന് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹനപരിശോധനയ്ക്കിടെയായിരുന്നു ഇവർ പിടിയിലായത്.

അറസ്റ്റിനു ശേഷം റിമാൻഡിലുള്ള ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ സഞ്ചരിച്ച കെഎൽ 01സിവൈ 6215 എന്ന എന്ന നമ്പരിലുള്ള വാഹനം പരിശോധിച്ചപ്പോഴാണ് കൂടുതൽ എംഡിഎം‌എ കണ്ടെത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂടാതെ, തിരുവനന്തപുരം വെള്ളനാട് വീട്ടിൽ നിന്നും 15 ഗ്രാം എംഡിഎംഎ പിടികൂടി. പൂവച്ചൽ സ്വദേശി വിഷ്ണു കൊണ്ണിയൂർ ചക്കിപ്പാറ സ്വദേശി സുഹൈദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം ആണ് എംഡിഎംഎ പിടികൂടിയത്.

എറണാകുളം നെടുമ്പാശേരിയിൽ ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. ‌‌തുരുത്തിശ്ശേരി സ്വദേശി ആകാശ് സതീശന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരി എത്തിച്ച തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു. ചരസ് മിഠായി, കഞ്ച ടോഫി എന്നീ പേരുകളിലാണ് ഇവർ വിൽപ്പന നടത്തിയത്.

ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് രാമനാട്ടുകരയിലെ ലോഡ്ജിൽ നിന്ന് എക്സൈസ് പിടികൂടി. ആലുവയിൽ കഞ്ചാവ് കേസ് പ്രതി വിവേകിന്റെ വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. എറണാകുളം പെരുമ്പാവൂരിൽ മൂന്നു ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി. അസം സ്വദേശി ഇസദുൽ ഇസ്‌ലാം ആണ് പിടിയിലായത്.

അതേസമയം, സംസ്ഥാനത്ത് വ്യാപക റെയ്ഡ് തുടരുമ്പോളും ലഹരിസംഘങ്ങളുടെ അതിക്രമങ്ങൾക്ക് അറുതിയില്ല. വടക്കഞ്ചേരിയിൽ ലഹരിക്കടത്ത് പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. എഎസ്ഐ ഉവൈസിനാണ് കാലിന് പരിക്കേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന കല്ലിങ്കൽ പാടം സ്വദേശി പ്രതുൽ കൃഷ്ണയെ പിടികൂടി.

എടപ്പാളിൽ ലഹരിസംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിലാണ് യുവാവിനെ വടിവാൾ കാണിച്ച് തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി മർദിച്ചു. സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുബഷിര്‍ (19), മുഹമ്മദ് യാസിര്‍ (18) എന്നിവർക്കുപുറമെ 17കാരനെയും പൊലീസ് പിടികൂടി.



Similar Posts