< Back
Kerala

Kerala
മോശം കാലാവസ്ഥ; ദുബൈ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു
|12 Jun 2023 12:53 PM IST
ഒരുമണിക്കൂറിൽ കൂടുതൽ സമയം വിമാനത്തിൽ കാത്തിരിക്കേണ്ടിവന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ദുബൈ-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്യാനായില്ല. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. ഒരു മണിക്കൂറിലധികം സമയം വിമാനത്തിൽ കാത്തിരിക്കേണ്ടിവന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.
ഇന്ന് പുലർച്ചെ 4.30-ഓടെയാണ് വിമാനം കരിപ്പൂരിൽ ഇറങ്ങേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല. തുടർന്നാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽനിന്ന് ഒരു മണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്. ഇതിനെ തുടർന്ന് യാത്രക്കാരും വിമാന ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. പുതിയ വിമാനം കൊണ്ടുവന്ന ശേഷം കരിപ്പൂരിൽ എത്തിക്കാമെന്നാണ് ഇപ്പോൾ സ്‌പൈസ് ജെറ്റ് അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.