
'പൊലീസ് പിടികൂടിയത് ഡമ്മി പ്രതികളെ, സിപിഎമ്മിനൊപ്പം ഇനി തുടരില്ല'; കലാ രാജു
|കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കലാ രാജു രഹസ്യമൊഴി നൽകി
കൊച്ചി: ഇനി സിപിഎമ്മിനൊപ്പമില്ലെന്ന് കുത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജു. ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് എസ്എഫ്ഐ നേതാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കലാ രാജു ആരോപിച്ചു. കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കലാ രാജു രഹസ്യമൊഴി നൽകി.
'ഞാൻ പറഞ്ഞവരെ അല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ വ്യാജന്മാരാണ്. ഇനി സിപിഎമ്മിൽ പ്രവർത്തിക്കില്ല. പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെടുത്ത വിഡിയോ ആണ് പുറത്തുവന്നത്. എസ്എഫ്ഐ നേതാവ് വിജയ് രഘു ആണ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. എന്റെ ജീവന് ഭീഷണിയുണ്ട്' - കലാ രാജു പറഞ്ഞു
കലാ രാജുവിനെ കടത്തിക്കൊണ്ടു പോയ നഗരസഭാ ചെയർപേഴ്സൻ്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതികളിലേക്കെത്താനാണ് പൊലീസിന്റെ നീക്കം. അതിനിടെ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഉപരോധത്തിൻ്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷിയാസിനും അബിൻ വർക്കിക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ പ്രതികളായ കേസിലും അറസ്റ്റുണ്ടാകും.