
പാനൂരിൽ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ
|പാനൂർ സ്വദേശി കാട്ടീന്റെവിട ഷെറിനെയാണ് രക്തസാക്ഷിയാക്കിയത്
കണ്ണൂര്‍:ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ. പാനൂർ സ്വദേശി കാട്ടീന്റെവിട ഷെറിനെയാണ് രക്തസാക്ഷിയാക്കിയത്.മേഖലാ സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിൻ്റെ പേര് ഉൾപ്പെടുത്തിയത്.സ്ഫോടനത്തെയും ഷെറിൻ ഉൾപ്പടെയുള്ള കേസിലെ പ്രതികളെയും സി പി എം നേരത്തെ തള്ളിപ്പറഞ്ഞിരുന്നു.
ഡിവൈഎഫ്ഐ പാനൂർ കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലാണ് പാർട്ടിക്ക് ഏറെ പേരുദോഷം കേൾപ്പിച്ച സംഭവത്തിലെ പ്രതിയെ രക്തസാക്ഷിയായി അനുസ്മരിച്ചത്. യോഗത്തിൽ അവതരിപ്പിച്ച രക്തസാക്ഷി പ്രമേയത്തിൽ ഷെറിന് അനുശോചനം മേഖലാ സമ്മേളനം രേഖപ്പെടുത്തി. 2024 ഏപ്രിൽ അഞ്ചിന് പുലർച്ചെ കുന്നോത്ത് പറമ്പിൽ നിർമാണം നടന്നു കൊണ്ടിരുന്ന വീടിൻ്റെ ടെറസിലാണ് സ്ഫോടനം നടന്നത്.
പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന സംഭവത്തെ ഗത്യന്തരമില്ലാതെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഷെറിന് പാർട്ടി ബന്ധമില്ലെന്നായിരുന്നു സിപിഎം നേതൃത്വത്തിൻ്റെ വാദം. ഷെറിൻ ഉൾപ്പടെ 15 പേരാണ് കേസിൽ പ്രതികളായിരുന്നത്. രണ്ടാം പ്രതിയാണ് ഷെറിൻ. കേസിലെ ഏഴാം പ്രതിയായ അമൽ ബാബുവിനെ മാസങ്ങൾക്ക് മുൻപ് കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം തെരഞ്ഞെടുത്തിരുന്നു.