
'ഡോ.ഷിജുഖാനെ കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നിന്നും മാറ്റിനിര്‍ത്തണമെന്ന പ്രചരണം പ്രതിഷേധാര്‍ഹം' : ഡിവൈഎഫ്ഐ
|എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ജി.പി രാമചന്ദ്രനടക്കമുള്ളവര്‍ ഷിജുഖാനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്
തൃശൂര്‍: സംസ്ഥാന ശിശുക്ഷേമ കമ്മറ്റിയുടെ മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഡോ.ഷിജുഖാനെ തൃശൂരിൽ നടക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നിന്നും മാറ്റിനിര്‍ത്തണമെന്ന പ്രചരണം പ്രതിഷേധാഹര്‍ഹമാണെന്ന് ഡിവൈഎഫ്ഐ. ഷിജുഖാനെ സംഘാടകർ ക്ഷണിച്ച് ഉൾപ്പെടുത്തുകയും ബ്രോഷറിൽ പേര് നൽകി മാധ്യമങ്ങളിൽ അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഷിജുഖാനെ പങ്കെടുപ്പിക്കരുതെന്ന പ്രചരണങ്ങൾക്ക് യാതൊരു നിയമ പിൻബലമോ അടിസ്ഥാനമോ ഇല്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ജി.പി രാമചന്ദ്രനടക്കമുള്ളവര്‍ ഷിജുഖാനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരള സാഹിത്യ അക്കാദമി തൃശൂരിൽ വച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ഒരു സെഷനിൽ ഡോ. ഷിജുഖാനെ സംഘാടകർ ക്ഷണിച്ച് ഉൾപ്പെടുത്തുകയും ബ്രോഷറിൽ പേര് നൽകി മാധ്യമങ്ങളിൽ അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രസ്തുത പരിപാടിയിൽ ഷിജുഖാനെ പങ്കെടുപ്പിക്കരുതെന്ന് ചില സ്ഥാപിത താൽപര്യക്കാര്‍ പ്രചരണം നടത്തുകയുണ്ടായി. ഇത്തരം പ്രചരണങ്ങൾക്ക് യാതൊരു നിയമ പിൻബലമോ അടിസ്ഥാനമോ ഇല്ല.
നേരത്തെ ഉയർന്നു വന്ന വിഷയങ്ങൾ വിശദീകരിച്ചതാണ്. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, യുവജന സംഘടനാ നേതാവ്, എഴുത്തുകാരൻ, വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലെല്ലാം കേരളത്തിൻ്റെ മുഖ്യധാരയിൽ ഇടപെടുന്ന വ്യക്തിത്വമാണ് ഷിജുഖാൻ.
അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുവാൻ വേണ്ടി നടത്തുന്ന കള്ള പ്രചരണങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സാമൂഹിക പ്രവര്‍ത്തക അഡ്വ.കുക്കു ദേവകി സാഹിത്യോത്സവം ബഹിഷ്കരിക്കുന്നതായി അറിയിച്ചിരുന്നു. ഷിജുഖാന്‍ നയിക്കുന്ന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കുക്കു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
കുക്കു ദേവകിയുടെ കുറിപ്പ്
പ്രിയരേ... ഞാനീ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചു.
'കുട്ടികളും പൗരരാണ്' എന്ന വിഷയത്തിലായിരുന്നു ഞാനുണ്ടായിരുന്നത്. അതില്‍ 'ഷിജുഖാനെയാണ് 'അധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്നത്.
കുറച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉണ്ടായ അനുപമയുടെ കുഞ്ഞിന്റെ വിഷയത്തില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍ ആ കുഞ്ഞിനും അമ്മയ്ക്കും ഒപ്പമായിരുന്നില്ല. അന്ന് ഞാന്‍ അനുപമയുടെ ഒപ്പമായിരുന്നു. എന്തായാലും ഈയൊരു 'അധ്യക്ഷ' പദവി അറിഞ്ഞതിനുശേഷം അക്കാദമിയായിട്ട് സംസാരിച്ചു കൊണ്ടിരിക്കയായിരുന്നു. എന്തായാലും ഫൈനല്‍ ലിസ്റ്റ് ആണെന്നാണ് അറിഞ്ഞത്. അപ്പോ പിന്നെ ഞാന്‍ ഒഴിഞ്ഞു നില്‍ക്കുകയേ നിവൃത്തിയുള്ളൂ. ഞാനിതില്‍ പങ്കെടുക്കുന്നില്ല. എല്ലാവരോടും സ്‌നേഹം.