< Back
Kerala
dyfi flag
Kerala

വര്‍ഗീയ പരാമര്‍ശം; പി.സി ജോര്‍ജിനെ ജയിലില്‍ അടയ്ക്കണമെന്ന് ഡിവൈഎഫ്ഐ

Web Desk
|
17 Jan 2025 1:11 PM IST

ജോര്‍ജിന്‍റെ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്

തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോർജ് ജനം ടിവിയിൽ നടത്തിയ മതവിദ്വേഷം ജനിപ്പിക്കുന്ന വർഗീയ പരാമർശത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ.

നമ്മുടെ രാജ്യത്തെ ഇസ്‍ലാം മത വിശ്വാസികളെല്ലാം വർഗീയ വാദികളാണെന്നും ഇന്ത്യയിൽ വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇല്ലെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‍ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മുണ്ടു പൊക്കി നോക്കി മുസ്‍ലിം അല്ലെങ്കിൽ കൊലപ്പെടുത്തുക എന്നതാണ് അവരുടെ രീതി എന്നും ബിജെപി നേതാവ് പി.സി ജോർജ് ഈ ചർച്ചയിൽ പറയുകയുണ്ടായി.

ഇതിനെതിരെ ഡിവൈഎഫ്ഐ കേരള പൊലീസ് മേധാവിക്ക് പരാതി നൽകുകയും പരാതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജനം ടിവി സംഘടിപ്പിച്ച ചർച്ചയിലാണ് ജോർജ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ഇദ്ദേഹത്തിന്‍റെ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്. അന്യമത വിദ്വേഷം ജനിപ്പിച്ച് അത് പ്രചരിപ്പിച്ച് സമൂഹത്തിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് ജോർജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ജോർജിനെതിരെ കേസെടുത്തു തുറുങ്കിലടയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Similar Posts