< Back
Kerala
പരസ്യത്തിൽ കണ്ട അടിവസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് വേറെ മോഡൽ; 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
Kerala

പരസ്യത്തിൽ കണ്ട അടിവസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് വേറെ മോഡൽ; 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

Web Desk
|
18 July 2025 3:41 PM IST

സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണെന്ന് കമ്മീഷൻ പറഞ്ഞു.

തിരുവനന്തപുരം: പരസ്യത്തിൽ കണ്ട അടിവസ്ത്രം ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് വേറെ മോഡൽ. ഇതിനെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് യുവതി മൂന്ന് ഫ്രണ്ട് ഓപ്പൺ ബ്രായുടെ പാക്കറ്റിന് ഓൺലൈൻ വ്യാപാര സൈറ്റിൽ ഓർഡർ നൽകിയത്.

'ഫ്രണ്ട് ബട്ടൺ ബക്കിൾ സ്ലീപ് ബ്രാ' ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. ക്യാഷ് ഓൺ ഡെലിവറി ആയി 799 രൂപയാണ് പേയ്മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോൾ ഫ്രണ്ട് ഓപ്പൺ ബ്രായ്ക്ക് പകരം കിട്ടിയത് ബാക്ക് ഓപ്പൺ ആയിരുന്നു. പരസ്യത്തിൽ മൂന്നെണ്ണമുള്ള പാക്കറ്റ് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകൾ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതുമായിരുന്നു.

വെബ്‌സൈറ്റിൽ ഓൺലൈൻ ആയി പരാതി നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ജില്ലാ കമ്മീഷൻ പ്രസിഡന്റ് പി.വി ജയരാജൻ, അംഗങ്ങളായ പ്രീതാ ജി. നായർ, വി.ആർ വിജു എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓൺലൈൻ പ്ലാറ്റ്ഫോം പ്രതിനിധികൾ കോടതിയിൽ ഹാജരാവാത്തതിനാൽ എക്‌സ്-പാർട്ടി ആയാണ് കേസ് നടന്നത്.

കമ്മീഷൻ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇൻവോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി. അഡ്വ. ശ്രീവരാഹം എൻ.ജി. മഹേഷ്, അഡ്വ. ഷീബ ശിവദാസൻ എന്നിവരാണ് യുവതിക്ക് വേണ്ടി ഹാജരായത്.

തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഓൺലൈൻ പ്ലാറ്റ്ഫോം സേവനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. എതിർ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണെന്ന് കമ്മീഷൻ പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്ഫോമിനോട് പരാതിക്കാരിയിൽ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നൽകാനും 5,000 രൂപ നഷ്ടപരിഹാരമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നൽകണം. ഒരു മാസത്തിനുള്ളിൽ കൊടുത്തില്ലെങ്കിൽ റീഫണ്ട് തുകക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ ഒമ്പത് ശതമാനം വാർഷിക പലിശയും നൽകണമെന്നും ഉത്തരവിലുണ്ട്.

Similar Posts