
തിരുവനന്തപുരത്ത് നിന്നും കണ്ണൂരെത്താൻ വെറും 3 മണിക്കൂര്‍ 20 മിനിറ്റ്; അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ. ശ്രീധരൻ
|പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കും
പാലക്കാട്: അതിവേഗ പാതക്ക് പുതിയ രൂപരേഖ യുമായി ഇ.ശ്രീധരൻ . പത്തനംതിട്ടയും മലപ്പുറം അതിവേഗ റെയിലിന്‍റെ ഭാഗമകും. പുതിയ രൂപരേഖയ്ക്ക് ആര്‍ആര്‍ടിഎസിനെക്കാൾ ചെലവും ടിക്കറ്റ് നിരക്കും കുറയും. കേന്ദ്രത്തിന്‍റെ വാക്കാൽ ലഭിച്ച ഉറപ്പിന്മേൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ശ്രീധരൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ 56500 കോടി രൂപ ചെലവിൽ കൊങ്കൺ റെയിൽവേ മാതൃകയിൽ ആയിരിക്കും നിർമാണം. 51 ശതമാനം കേന്ദ്ര സർക്കാരിനും 49 ശതമാനം സംസ്ഥാന സർക്കാരിനുമായിരിക്കും ഓഹരി ഉടമസ്ഥത.ആകെ ചെലവിന്‍റെ 70 ശതമാനം ഇരു സർക്കാരുകളും വഹിക്കണം. ബാക്കി തുക ബോണ്ടുകളിലൂടെയും വായ്പയായും കണ്ടെത്തണം. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാകും റെയിൽവേ ലൈൻ കടന്നുപോവുക.
തിരുവനന്തപുരം സെൻട്രൽ മുതൽ കണ്ണൂർ വരെ 20 സ്റ്റേഷനുകൾ.. ഈ 465 കിലോമീറ്റർ ദൂരം 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് പിന്നിടാം. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന്‍റെ അനുമതി വേണ്ടെന്നും സംസ്ഥാന സർക്കാർ ആര്‍ആര്‍ടിഎസ് മുന്നോട്ട് വെച്ചത് മൂലമാണ് ഡിഎംആര്‍സി ക്ക് കേന്ദ്ര അനുമതി ലഭിക്കാത്തതെന്നും ശ്രീധരൻ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 35000 കോടിക്ക് പദ്ധതി വ്യാപിപ്പിക്കാം. അതേസമയം കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മൂന്ന് മാസം കൊണ്ട് പദ്ധതി ആരംഭിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ തനിക്ക് ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.