
10 തവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല; കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി
|ഹാജരാകാത്തതിന് വിശദീകരണം നല്‍കുകയോ കാരണം കാണിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്നും ഹരജിയില്‍ ഇഡി ചൂണ്ടിക്കാട്ടി
എറണാകുളം: കള്ളപ്പണക്കേസില്‍ കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി. 10 തവണ സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിനായി ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഹാജരാകാത്തതിന് വിശദീകരണം നല്‍കുകയോ കാരണം കാണിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമെന്നും ഹരജിയില്‍ ഇഡി വ്യക്തമാക്കി.
ടാര്‍സാനിയയില്‍ നിന്ന് കശുവണ്ടി ഇറക്കി നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലാണ് അനീഷിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലിനായി 10 തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ ഇതാദ്യമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അവഗണിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്.
നേരത്തെ, അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവരശേഖരണത്തിന് മാത്രമാണ് അനീഷ് ബാബുവിനെ വിളിപ്പിച്ചതെന്നും ഇഡി വ്യക്തമാക്കിയിരുന്നു. ഇഡിയുടെ ഈ നിലപാട് രേഖപ്പെടുത്തി അനീഷ് ബാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാടുകേസില്‍ പല തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അന്വേഷണം മുന്നോട്ട് പോവുകയും ചെയ്യുന്ന ഘട്ടത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തന്നെ കൈക്കൂലിക്കായി സമീപിച്ചുവെന്ന് അനീഷ് ബാബു നേരത്തെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇഡി അയച്ച സമൻസുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്നാണ് ഇഡി നിയമനടപടിക്കൊരുങ്ങുന്നത്.