< Back
Kerala
ED move against SDPI is a continuation of the opposition hunt Says CPA Latheef

Photo| Special Arrangement

Kerala

എസ്ഡിപിഐയ്‌ക്കെതിരായ ഇഡി നീക്കം പ്രതിപക്ഷ വേട്ടയുടെ തുടര്‍ച്ച: സി.പി.എ ലത്തീഫ്

Web Desk
|
8 Nov 2025 10:29 PM IST

'സംഘ്പരിവാറിന്റെ മതരാഷ്ട്ര നിര്‍മിതിക്കായുള്ള ഗൂഢപദ്ധതികളെ തുറന്നുകാണിക്കുന്നു എന്നതാണ് പാര്‍ട്ടിക്കെതിരായ നീക്കത്തിനു പിന്നില്‍'.

തിരുവനന്തപുരം: എസ്ഡിപിഐയ്‌ക്കെതിരായ ഇഡി നീക്കം ഫാഷിസ്റ്റ് സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ടയുടെ തുടര്‍ച്ചയാണെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി ഇഡി കണ്ടുകെട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ബിജെപിയുടെ പതിവ് പകപോക്കലിന്റെ ഭാഗമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും സി.പി.എ ലത്തീഫ് പറഞ്ഞു.

ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ വായടപ്പിക്കാനുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ പ്രതിലോമകരമായ നടപടികളുടെ തുടര്‍ച്ചയാണിത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പാര്‍ട്ടി സജീവമായി രംഗത്തുവരുന്നതിനിടെയുള്ള ഈ ഹീന നീക്കം പാര്‍ട്ടിയെ പൊതുസമൂഹത്തിനുള്ളില്‍ അവമതിക്കാനും പിന്നോട്ടടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സംഘ്പരിവാറിന്റെ മതരാഷ്ട്ര നിര്‍മിതിക്കായുള്ള ഗൂഢപദ്ധതികളെ തുറന്നുകാണിക്കുന്നു എന്നതാണ് പാര്‍ട്ടിക്കെതിരായ നീക്കത്തിനു പിന്നില്‍. വിമര്‍ശകരെയും എതിരാളികളേയും നിശബ്ദമാക്കാന്‍ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍.

സ്വതന്ത്ര തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ജനാധിപത്യത്തെ കശാപ്പ് ചെയ്യാനും ബിജെപി നടത്തുന്ന ഗൂഢശ്രമങ്ങള്‍ തെളിവുസഹിതം പുറത്തുവരികയും സജീവ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് തിടുക്കപ്പെട്ടുള്ള ഈ കണ്ടുകെട്ടല്‍ നാടകം. ഇതുകൊണ്ടൊക്കെ വായടപ്പിക്കാമെന്നും നിശബ്ദമാക്കാമെന്നും കരുതേണ്ടെന്നും ഫാഷിസത്തിന്റെ കുടില പദ്ധതികളെ തുറന്നുകാണിക്കുകയും അതിനെതിരെ പൗരസമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Tags :
Similar Posts