< Back
Kerala
മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്
Kerala

മസാലബോണ്ട്; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

Web Desk
|
1 Dec 2025 8:32 AM IST

അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കൽ നൽകിയത്

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്. ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി ഉദ്യോഗസ്ഥർ എന്നിവർക്ക് നോട്ടീസ് അയച്ചത്. ഇഡിയുടെ നോട്ടീസ് ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള പാദസേവയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു.

2021ൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നുവർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടി. കാരണം കാണിക്കൽ നോട്ടീസിൽ നേരിട്ടോ അഭിഭാഷകൻ വഴിയോ വിശദീകരണം നൽകണം. ഫെമ നിയമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടികാട്ടി അഡ്ജുഡികേറ്റിംഗ് അതോറിറ്റിക്ക് ഇഡി റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. മസാല ബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ.

2019ൽ 9.72 പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ബോണ്ട്‌ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.ഇഡിയുടെ നോട്ടിസ് ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള പാദസേവയാണെന്നും എന്തിനാണ് തന്നെ വിളിപ്പിക്കുന്നതെന്നതിന് ഇതുവരെ ഇഡി ഉത്തരം പറഞ്ഞിട്ടില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

ഇഡി അഡ്ജുഡികേറ്റിംഗ് അതോറിറ്റിക്ക് മുൻപിലാണ് മുഖ്യമന്ത്രി അടക്കമുള്ളവർ വിശദീകരണം നൽകേണ്ടത്. വിശദീകരണം നൽകാൻ തയ്യാറായില്ലെങ്കിൽ ഇഡി തുടർനടപടികളിലേക്ക് കടക്കും.കിഫ്‌ബി മസാല ബോണ്ടിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹരജി നിലനിൽക്കുമോ എന്നതിൽ ഹൈകോടതി വാദം കേൾക്കും.

ഇഡിയുടെ നോട്ടിസ് ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള പാദസേവയാണെന്ന് തോമസ് ഐസക് പറഞ്ഞു. എന്തിനാണ് തന്നെ വിളിപ്പിക്കുന്നതെന്നതിന് ഇതുവരെ ഇഡി ഉത്തരം പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസ് വീണ്ടും കുത്തിപ്പൊക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ഇഡിയുടെ എല്ലാ നീക്കവും നിയമപരമായി നേരിടുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനാണ് നീക്കം. കേരളത്തിലെ സിപിഎം നേതാക്കളെ കുടുക്കാൻ ഇഡി കുറെ നാളായി പരിശ്രമം നടത്തുന്നു. അതെല്ലാം പൊളിഞ്ഞു പാളിസായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് അഞ്ചാറു ദിവസം മുമ്പ് നോട്ടീസുമായി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. ജനങ്ങൾ പുച്ഛിച്ചുതള്ളും. തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ മനഃപൂർവം കൊണ്ടുവരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Similar Posts