< Back
Kerala
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ഇഡി നോട്ടീസ്
Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ഇഡി നോട്ടീസ്

Web Desk
|
21 Feb 2026 9:05 AM IST

മാർച്ച് ആദ്യ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മാർച്ച് ആദ്യ ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്.

നേരത്തെ നടൻ ജയറാം ഉൾപ്പെടെയുള്ളവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. മറ്റ് പ്രതികളെയും ഇഡി ചോദ്യം ചെയ്തു ഇതിന് പിന്നാലെയാണ് തന്ത്രിക്ക് നോട്ടീസ് അയച്ചത്.

സ്വര്‍ണക്കൊള്ളയിലെ രണ്ടു കേസുകളിലും തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്‌ഐടി പരാജയപ്പെട്ടുവെന്ന് കോടതി. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും തന്ത്രിയ്ക്ക് ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യ അവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയില്‍ വാദിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വര്‍ണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നത്.‌

Similar Posts