< Back
Kerala
എൽപി സ്കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്
Kerala

എൽപി സ്കൂൾ അധ്യാപക നിയമന പ്രതിസന്ധി; ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്

Web Desk
|
12 Feb 2026 8:16 AM IST

മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപടൽ

തിരുവനന്തപുരം: എൽപി സ്കൂൾ അധ്യാപക നിയമന പ്രതിസന്ധിയിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമുള്ള ചർച്ച നാളെ നടക്കും. പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ, സീനിയൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉണ്ടാകും.

എൽപി സ്കൂൾ നിയമനം ഇഴുയുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപടൽ. ഉദ്യോഗാര്‍ത്ഥികളുടെ പരാതി പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞിരുന്നു. നിയമനത്തിനായി എല്ലാ സാധ്യതകളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ കുറയുന്നതുമൂലമുള്ള ഡിവിഷന്‍ ഫാളാണ് നിയമനം വൈകുന്നതിലെ കാരണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍.

നേരത്തെ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എല്‍പി സ്‌കൂള്‍ അധ്യാപക നിയമനം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. എട്ട് ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിച്ചിരുന്നില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നതുകൊണ്ടുണ്ടാകുന്ന ഡിവിഷന്‍ ഫാള്‍ കാരണം പുറത്താക്കപ്പെട്ട അധ്യാപകരെ വിരമിക്കല്‍ ഒഴിവിലേക്ക് പരിഗണിക്കുന്നതാണ് നിയമനം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 31നാണ് എല്‍പി സ്‌കൂള്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്. ലിസ്റ്റ് വന്ന എട്ട് മാസം പിന്നിടുമ്പോഴും നിയമന സാധ്യത അനിശ്ചിതത്തിലാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്. കോവിഡ് കാലത്ത് കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ആശ്രയിച്ചിരുന്നെങ്കിലും നിലവില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതാണ് ഡിവിഷന്‍ ഫാളിന്റെ കാരണം. ഡിവിഷന്‍ ഫാള്‍ നേരിടുന്ന അധ്യാപകരെ പ്രധാനധ്യാപക ഒഴിവിലേക്ക് പുനര്‍വിന്യസിച്ച് വിരമിക്കല്‍ ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പ്രധാന ആവശ്യം.

Similar Posts